2030 ഓടെ 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാകും; ഇപ്പോള്‍ വെറും 2 ശതമാനം
ഇപ്പോള്‍ വിപണിയുടെ 1 ശതമാനത്തില്‍ താഴെ മാത്രമുള്ള ടാറ്റ മോട്ടോഴ്സ് 2026-ല്‍ 7-10 ശതമാനമായി വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു
രാജ്യത്ത് വില്‍ക്കുന്ന എല്ലാ വാഹനങ്ങളുടെയും 35 ശതമാനം മുതല്‍ 40 ശതമാനം വരെ 2030 ഓടെ ഇലക്ട്രിക് (ഇവി) ആയിരിക്കുമെന്ന് ബെയ്ന്‍ ആന്‍ഡ് കോ റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ഇത് വെറും 2 ശതമാനമാണ്. ഇത് ഒരു വര്‍ഷത്തില്‍ 14-16 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എന്ന നിലയിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം 2030 സാമ്പത്തിക വര്‍ഷത്തോടെ 76 ബില്യണ്‍ ഡോളര്‍ മുതല്‍ 100 ബില്യണ്‍ ഡോളര്‍ വരെ ഇവി മേഖലയില്‍ വരുമാനമുണ്ടാകും. ഇലക്ട്രിക് വാഹനങ്ങളുടെ വരുമാനത്തിന്റെ കാര്യത്തില്‍ നാല് ചക്ര വാഹനങ്ങള്‍ക്ക് 41 ശതമാനം വിഹിതവും, ഇരുചക്രവാഹനങ്ങള്‍ക്ക് 33 ശതമാനവും ബാക്കിയുള്ളവ മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഇവികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഇലക്ട്രിക് പാസഞ്ചര്‍ കാറുകളാണ് ഇവി വിഭാഗം നയിക്കുന്നത്.
ഇപ്പോള്‍ വിപണിയുടെ 1 ശതമാനത്തില്‍ താഴെ മാത്രമുള്ള ടാറ്റ മോട്ടോഴ്സ് 2026-ല്‍ 7-10 ശതമാനമായി വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2030-ഓടെ മൊത്തത്തിലുള്ള കാര്‍ വിപണിയുടെ 15 ശതമാനം മുതല്‍ 20 ശതമാനം വരെ പിടിച്ചെടുക്കും. വാണിജ്യ വാഹന വിഭാഗത്തില്‍ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി), ബസുകള്‍ എന്നിവ ഇലക്ട്രിക്കിലേക്ക് മാറും. 2030 ഓടെ എല്‍സിവികളില്‍ 20-25 ശതമാനവും ബസുകളില്‍ 15-20 ശതമാനവും മാറ്റം ഉണ്ടാകുമെന്ന് ബെയ്ന്‍ റിപ്പോര്‍ട്ട് കണക്കാക്കുന്നു.