40 ശതമാനം വര്‍ധന, ജൂണിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പ്

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 89 ശതമാനം വര്‍ധിച്ചു

Update:2022-07-05 15:09 IST

ജൂണ്‍ മാസത്തില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പ്. സെമികണ്ടക്ടര്‍ വിതരണം എളുപ്പമായതിനെ തുടര്‍ന്നാണ് ജൂണ്‍ മാസത്തിലെ പാസഞ്ചര്‍ വാഹന വില്‍പ്പന (Passenger Vehicle Sales) 40 ശതമാനത്തോളം വര്‍ധിച്ചത്. പ്രത്യേകിച്ച് എസ്യുവികളുടെ വില്‍പ്പനയില്‍ വന്‍വര്‍ധനവാണുണ്ടായത്. ഓട്ടോ ഡീലര്‍ അസോസിയേഷനായ എഫ്എഡിഎയുടെ (ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍) കണക്കനുസരിച്ച് ജൂണ്‍ മാസത്തിലെ പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ 2,60,683 യൂണിറ്റായാണ് ഉയര്‍ന്നത്. 2021 ജൂണിലെ 1,85,998 യൂണിറ്റിനേക്കാള്‍ 40 ശതമാനം വര്‍ധനവാണിത്.

''പാസഞ്ചര്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ ശക്തമായ വളര്‍ച്ച തുടരുന്നുണ്ട്. വിതരണങ്ങള്‍ കൂടിയത് സെമിക്ടര്‍ ലഭ്യത ഇപ്പോള്‍ എളുപ്പമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു'' എഫ്എഡിഎയുടെ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും ചിപ്പ് ക്ഷാമം കാരണം കാത്തിരിപ്പ് കാലാവധി വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോംപാക്റ്റ് എസ്യുവി, എസ്യുവി വിഭാഗങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
എഫ്എഡിഎയുടെ ഡാറ്റ അനുസരിച്ച്, ഇരുചക്ര വാഹന റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ മാസം 20 ശതമാനം വര്‍ധിച്ച് 11,19,096 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,30,825 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ജൂണിനെ അപേക്ഷിച്ച് 14,735 മുച്ചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ മാസം 46,040 യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 89 ശതമാനം വര്‍ധിച്ച് 67,696 യൂണിറ്റായി.




Tags:    

Similar News