കുഞ്ഞന്‍ ഇന്നോവ, ഹോണ്ടയുടെ പുതിയ എസ്.യു.വി: അടുത്ത മാസം പുറത്തിറങ്ങുന്ന പുതിയ കാറുകള്‍

അടുത്ത മാസം നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങള്‍

Update:2023-08-26 18:45 IST

പുതിയ മോഡലുകളും മുഖം മിനുക്കിയ മോഡലുകളും അവതരിപ്പിച്ച് ഉത്സവകാല വിപണി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിര്‍മാതാക്കള്‍. ഇന്ത്യന്‍ വാഹനവിപണിയെ സംബന്ധിച്ച് സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതായിരിക്കും. ടൊയോട്ടയുടെ കുഞ്ഞന്‍ ഇന്നോവ മുതല്‍ ഹോണ്ടയുടെ പുതിയ എസ്.യു.വി വരെ നിരവധി വാഹനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങള്‍ നോക്കാം.

ഹോണ്ട എലിവേറ്റ്
വാഹനപ്രേമികള്‍ ഹോണ്ടയില്‍ നിന്ന് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണിത്. കടുത്ത മത്സരം നിലനില്‍ക്കുന്ന എസ്.യു.വി സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ ശക്തമായ വരവായിരിക്കും എലിവേറ്റ്. ഹ്യുണ്ടായുടെ ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗന്‍ ടൈഗൂണ്‍, സ്‌കോഡ കുശാഖ് എന്നിവയ്ക്ക് എതിരാളിയായിരിക്കും ഹോണ്ടയുടെ ഈ എസ്.യു.വി. സെപ്റ്റംബര്‍ നാലിനാണ് വാഹനം അവതരിപ്പിക്കുക. നിലവില്‍ ബുക്കിഗ് ആരംഭിച്ചിട്ടുണ്ട്. 
ഹോണ്ട സിറ്റിക്ക് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഐ.വി ടെക്ക് എന്‍ജിനാണ് എലിവേറ്റിലുള്ളത്. 121 പി.എസ് പവറും 145 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയബര്‍ ബോക്‌സ് ഓപ്ഷനുകളില്‍ ലഭിക്കും.
നെക്‌സണിന്റെ മുഖം മിനുക്കിയ മോഡല്‍
കുറച്ചു കാലമായി സബ് 4 മീറ്റര്‍ എസ്.യു.വി ശ്രേണിയിലുള്ള ടാറ്റ നെക്‌സണിനെ ഉടച്ചു വാര്‍ക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു ടാറ്റ. എന്തായാലും കാത്തിരിപ്പിന് വിരാമമിട്ട് സെപ്റ്റംബര്‍ 14ന് പരിഷ്‌കാരിയായ നെക്‌സണ്‍ എത്തുമെന്നാണ് കരുതുന്നത്. ടാറ്റയുടെ 
കണ്‍സെപ്റ്റ് വാഹനമായ 
 കര്‍വിന്റെ (Curvv) രൂപം കടംകൊണ്ട് എത്തുന്ന നെക്‌സണില്‍ മുന്‍ മോഡലിലല്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ടാറ്റ വരുത്തിയിട്ടുണ്ട്. കാഴ്ചയിലും ചില മാറ്റങ്ങളുണ്ട്.

Pic Courtesy - Autocar India

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 5 സ്പീഡ് മാനവല്‍, 7 സ്പീഡ് ഡി.സി.റ്റി ട്രാന്‍സ്മിഷനുകളില്‍ ലഭിക്കും. 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എ.എം.റ്റി ഗിയര്‍ ബോക്‌സിലായിരിക്കും ലഭ്യമാകുക.ഔദ്യോഗിക അവതരണത്തിനു മുന്‍പ് തന്നെ നെക്‌സണിന്റെ പരിഷ്‌കരിച്ച മോഡലിന്റെ ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്‌സ്.യു.വി എന്നിവയായിരിക്കും നെക്‌സണിന്റെ നിരത്തിലെ എതിരാളികള്‍.
നെക്‌സണ്‍ ഇ.വിയുടെ പുതിയ പതിപ്പ്
നെക്‌സണ്‍ മാത്രമല്ല നെക്‌സണ്‍ ഇ.വിയും ടാറ്റ പരിഷ്‌കരിക്കുനുന്നുണ്ട്. ഇലക്ട്രിക് വിഭാഗത്തില്‍ മികച്ച വില്‍പ്പന നേടുന്ന മോഡലുകളിലൊന്നാണ് സബ് 4 മീറ്റര്‍ എസ്.യു.വി വിഭാഗത്തില്‍ വരുന്ന നെക്‌സണ്‍. 2019 ല്‍ അവതരിപ്പിച്ച ശേഷം വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. ഇ.വി. ഇന്ധന വാഹനത്തിനൊപ്പം സെപ്റ്റംബര്‍ 14 ന് നെക്‌സണ്‍ ഇ.വിയും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
113 എച്ച്.പി കരുത്തും 260 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് നിലവില്‍ നെക്‌സണില്‍ ഉപയോഗിക്കുന്നത്. കൂടാതെ 118 ബി.എച്ച്.പി കരുത്തും 170 എന്‍.എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ത്രീ പോട്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോഡലും ഉണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. നിലവില്‍ 8 ലക്ഷം മുതല്‍ 14.60 ലക്ഷം വരെയാണ് നെക്‌സണിന്റെ വില. പരിഷ്‌കരിച്ച് എത്തുമ്പോള്‍ വില അല്‍പം  കൂടുതലായിരിക്കും.
സിട്രോണ്‍ സി3 എയര്‍ക്രോസ്
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണ്‍ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണിത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ എസ്.യു.വികളോട് കൊമ്പ് കോര്‍ക്കുന്ന സിട്രോണ്‍ എ 3 എയര്‍ക്രോസ് കോംപാക്റ്റ് എസ്.യു.വിയാണ്. സെപ്റ്റംബറില്‍ വാഹനം ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പുറത്തുവിട്ടിട്ടില്ല. 5, 5+2 സീറ്റിംഗിലാണ് വാഹനം ലഭിക്കുക.

 Pic Courtesy - Autocar India

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീച്ചറുകളില്‍ അല്‍പം പിന്നിലാണ്. അതുകൊണ്ടു തന്നെ മത്സരാത്മകമായ വിലയിലായിരിക്കും എസ്.യു.വി എത്തുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാകുക. നിലവില്‍ മാനുവല്‍ ട്രാന്‍സിമഷന്‍ ആയിരിക്കുമെങ്കിലും ഡിമാന്‍ഡ് കൂടുന്നതനുസരിച്ച് ഓട്ടോമാറ്റിക്കും അവതരിപ്പിച്ചേക്കും.
ടൊയോട്ട റൂമിയന്‍
മാരുതി-ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി മാരുതി എര്‍ട്ടിഗയെ റീബാഡ്ജ് ചെയ്ത് ടൊയോട്ട പുറത്തിറക്കിയിട്ടുള്ള മോഡലാണ് റൂമിയന്‍. ഇന്നോവയുടെ ഒരു ചെറുപതിപ്പെന്ന രീതിയിലയിരിക്കും നിലവില്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള ഈ മോഡല്‍ ഇന്ത്യയിലേക്കെത്തുക. മറ്റ് റീബാഡ്ജഡ് മോഡലുകള്‍ പോലെ തന്നെ ടൊയോട്ടയുടെ ഐഡന്റിറ്റി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി രൂപകല്‍പ്പനയില്‍ നിരവധി മാറ്റങ്ങള്‍ ടൊയോട്ട കൊണ്ടു വന്നിട്ടുണ്ട്.

മാരുതിയുടെ  നാച്വറലി ആസ്പിരേറ്റഡ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ റൂമിയിനലും തുടര്‍ന്നേക്കാം. 103 എച്ച്.പി കരുത്തും 137 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റ്ക് ഗിയര്‍ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍ സാധ്യതകള്‍. ഈ മാസം അവസാനം അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യം വാഹനം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

വോള്‍വോയുടെ സി 40 റീചാര്‍ജ്, മെഴ്‌സിഡീസ് ബെന്‍സ് ഇ.ക്യു.ഇ എന്നിവയും സെപ്റ്റംബറില്‍ പുറത്തിങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്.

Tags:    

Similar News