പുതിയ കാറുകളില്‍ 6 എയര്‍ബാഗുകളെന്ന തീരുമാനം നാളെമുതല്‍ നടപ്പിലാവില്ല: കാലാവധി നീട്ടി കേന്ദ്രം

ജനുവരിയില്‍ കരടു വിജ്ഞാപനമിറക്കിയിരുന്നെങ്കിലും വൈകിയത് കോവിഡ് പ്രതിസന്ധി മൂലം

Update:2022-09-30 16:40 IST

രാജ്യത്ത് എല്ലാ കാറുകളിലും എസ്യുവികളിലും 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിബന്ധന നാളെ മുതല്‍ നടപ്പാവില്ല. 2023 ഒക്ടോബര്‍ 1 മുതലേ 6 എയര്‍ബാഗ് എന്നത് നിര്‍ബന്ധമാക്കൂ എന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കിട്ടാനുള്ള കാലതാമസം വാഹന നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിച്ചതിനാലാണു നീട്ടിവച്ചതെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ പുതുതായി പുറത്തിറക്കുന്ന കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ ഇല്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ നടപടി കര്‍ശനമാക്കും.

അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സമഗ്ര പദ്ധതിയോടനുബന്ധിച്ചാണ് 6 സുരക്ഷാ എയര്‍ബാഗുകള്‍ക്ക് നിര്‍ദേശം വന്നത്. 2022 ജനുവരിയില്‍ ഇതിന് മന്ത്രാലയം കരടു വിജ്ഞാപനവും ഇറക്കിയിരുന്നു. രാജ്യത്തെ വാഹനാപകടങ്ങളിലുണ്ടാകുന്ന മരണങ്ങളില്‍ 11% സീറ്റ് ബെല്‍റ്റും മറ്റു സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതിനാലാണെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാറുകള്‍ക്ക് എയര്‍ബാഗുകള്‍ 6 ആക്കുന്നത് നിര്‍മാതാക്കള്‍ക്ക് ഭാരിച്ച ഉത്തരവാദിത്തമാകുമെന്ന വാദങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഒരു എയര്‍ബാഗ് ഘടിപ്പിക്കാന്‍ ഏറിയാല്‍ 900 രൂപയേ ചെലവുണ്ടാകൂവെന്നും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളില്‍ 6 എയര്‍ബാഗുകള്‍ ഘടിപ്പിക്കുകയും അതേ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ 2 എയര്‍ബാഗുകള്‍ മാത്രമാക്കുകയും ചെയ്യുന്നത് അനീതിയാണെന്നും ഗഡ്കരി വിശദീകരിച്ചു. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാത്ത കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ നടപടിയും കര്‍ശനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.


Tags:    

Similar News