വരുന്നത് ഏഴ് ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക് കാര്‍ വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ കിയ
വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ കൂടുതല്‍ വാഹനനിര്‍മാതാക്കള്‍ ഇലക്ട്രിക് കാറുകളിലേക്ക് തിരിയുകയാണ്. ഇപ്പോഴിതാ കിയയും ഏഴ് ഇലക്ട്രിക് കാറുകളുടെ വികസനപ്രവര്‍ത്തനങ്ങളിലാണ്. 2027ഓടെ ഈ ഏഴ് കാറുകളും വിപണിയിലിറക്കുകയാണ് ലക്ഷ്യമിടുന്നത്.
സിവി എന്ന് കോഡ് നാമം ഇട്ടിരിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ 2021ല്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഈ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് ഏറ്റവും പുതിയ രൂപകല്‍പ്പനയിലായിരിക്കും പുതിയ കാര്‍ അണിയിച്ചൊരുക്കുന്നത്. ബ്രാന്‍ഡിന്റെ മിക്ക ഇലക്ട്രിക് വാഹനങ്ങളും പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലര്‍ പ്ലാറ്റ്‌ഫോമി(E-GMP)ലായിരിക്കും വരുന്നത്.
2025 ആകുമ്പോഴേക്കും കൊറിയ, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളിലെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളായിരിക്കുമെന്ന് കിയ കണക്കാക്കുന്നു. 2029ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണിവിഹിതം 24 ശതമാനം ആക്കി ഉയര്‍ത്താനാണ് പദ്ധതി.
വാഹനം വാങ്ങുന്നതിന് പകരം താല്‍പ്പര്യമുള്ളവര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ മോഡലും കാര്‍ ലീസിംഗും ബാറ്ററി ലീസിംഗുമൊക്കെ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ തിരിച്ചറിഞ്ഞാണ് പുതിയ രീതികളിലേക്ക് കാര്‍ കമ്പനികള്‍ കടക്കുന്നത്. മറ്റു ചില ബ്രാന്‍ഡുകള്‍ ഈ രീതികള്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിലും കിയ മുന്നിലുണ്ട്. യൂറോപ്പില്‍ 2400ഉം നോര്‍ത്ത് അമേരിക്കയില്‍ 500ഉം ഇലക്ട്രിക് വെഹിക്കള്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനി ഒരുങ്ങുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine