ലോറിയുടെ ക്യാബിനും ഇനി എ.സിയാക്കണമെന്ന് കേന്ദ്രം; വാഹന വില ഉയരും
ഡ്രൈവര്‍മാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം
ട്രക്കുകളിലെ ഡ്രൈവര്‍ ക്യാബിന്‍ എ.സിയാക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 2025 ഓടെ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ട്രക്ക് മേഖല പൂര്‍ണമായും എ.സി ക്യാബിനുകളിലേക്ക് നവീകരിക്കാന്‍ പതിനെട്ട് മാസമെടുക്കുമെന്നാണ് ഗതാഗത വകുപ്പ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.സി ക്യാബിന്‍ നിര്‍ബന്ധമാക്കാന്‍ 2025 വരെ സമയം അനുവദിച്ചിരിക്കുന്നത്.
മികച്ച തൊഴില്‍ സാഹചര്യം ലക്ഷ്യം
കടുത്ത ചൂടില്‍ മണിക്കൂറുകള്‍ വാഹനം ഓടിക്കേണ്ടി വരുന്നത് ഡ്രൈവര്‍ തളര്‍ന്ന് വീഴുന്നതിനും അപകടങ്ങളിലേയ്ക്ക് നയിക്കുന്നതിനും കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഡ്രൈവര്‍മാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
കമ്പനികള്‍ എതിര്‍ത്തിരുന്നു
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും മിക്ക ഇന്ത്യന്‍ കമ്പനികളും ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല. ഡ്രൈവര്‍ ക്യാബിന്‍ എ.സിയാക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് പകരം ഓപ്ഷണല്‍ ആക്കണമെന്നായിരുന്നു വാഹന നിര്‍മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ വാദം തള്ളിയ കേന്ദ്രം 2025 ഓടെ ട്രക്ക് ഡ്രൈവര്‍മാരുടെ കമ്പാര്‍ട്ടുമെന്റില്‍ എയര്‍ കണ്ടീഷനിംഗ് നിര്‍ബന്ധമാക്കുന്നത്.
വില ഉയരും
ഒരു ട്രക്ക് എ.സിയിലേയ്ക്ക് മാറ്റാന്‍ പതിനായിരം മുതല്‍ ഇതുപതിനായിരം രൂപവരെയാണ് ചെലവ് വരുന്നത്. വിദേശ വാഹന നിര്‍മാതാക്കളായ വോള്‍വോ, സ്‌കാനിയ തുടങ്ങിയവയുടേത് എ.സി ക്യാബിന്‍ ആണെങ്കിലും ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഈ ഓപ്ഷന്‍ നല്‍കുന്നില്ല. ഇനി 2025 മുതല്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും എ.സി ക്യാബിന്‍ നല്‍കേണ്ടിവരും. വാഹനങ്ങളുടെ വിലയും ഇതിനൊപ്പം ഉയരും.