സ്വയം ഓടുന്ന ടാക്‌സിയുമായി സൂക്‌സ്

നഗരങ്ങളിലെ യാത്രക്കാര്‍ക്കായുള്ള 'റോബോ ടാക്‌സിയ്ില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാം

Update:2020-12-16 16:38 IST

ആമസോണ്‍ ഈ വര്‍ഷം ഏറ്റെടുത്ത സ്വയം ഓടുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ സൂക്‌സ് നഗരങ്ങളിലെ യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത 'റോബോടാക്‌സി' കോംപാക്റ്റ് പുറത്തിറക്കി. നാലു പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള മള്‍ട്ടിഡയറക്ഷണല്‍ വാഹനമാണിത്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിചു പ്രവര്‍ത്തിക്കുന്ന ഇതിന് സ്റ്റിയറിംഗ് വീല്‍ ഇല്ല.

ഈ വാഹനത്തിന്റെ രണ്ടുനിര ഇരിപ്പിടങ്ങള്‍ കാരേജ്‌സ്‌റ്റൈലില്‍ മുഖാമുഖമാണ് ഒരുക്കിയിരിക്കുന്നത്. 12 അടി (3.6 മീറ്റര്‍) നീളമുള്ള ഈ വാഹനത്തിന് ഒരു സാധാരണ മിനി കൂപ്പറിനേക്കാള്‍ ഒരടി മാത്രം നീളം കുറവാണ്.

രണ്ടു ദിശയിലേക്കും ഒരേപോലെ ഓടുന്ന ഈ വാഹനത്തിന് പ്രത്യേകമായ മുന്‍വശമോ പിന്‍വശമോ ഇല്ല. ദ്വിദിശ ശേഷിയും ഫോര്‍ വീല്‍ സ്റ്റിയറിംഗും ഉള്ള ആദ്യത്തെ വാഹനങ്ങളില്‍ ഒന്നാണിത്. മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ (120 കിലോമീറ്റര്‍) വരെ ഇത് ഓടും.

റീചാര്‍ജിന് ശേഷം 16 മണിക്കൂര്‍ തടസ്സമില്ലാതെ ഓടാന്‍ ഇതിന് കഴിയും. ഇതിനായി 133 കിലോവാട്ട് ബാറ്ററികളാണ് ഇത് ഉപയോഗിക്കുന്നത്. നിലവില്‍ മുന്‍നിര ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഉപയോഗിക്കുന്നതിനേക്കാള്‍ വലുതാണ് ഈ ബാറ്ററികള്‍.

കമ്പനിയുടെ ആസ്ഥാനമായ അമേരിക്കയിലെ കാലിഫോര്‍ണിയായിലുള്ള ഫോസ്റ്റര്‍ സിറ്റി കൂടാതെ ലാസ് വെഗാസ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലും വാഹനം പരീക്ഷിച്ചുവരികയാണെന്ന് സൂക്‌സ് പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള വയര്‍ലെസ് ചാര്‍ജറുകള്‍, അനുയോജ്യമായ മറ്റ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപയോഗപ്രദമായ സവിശേഷതകളുമായി വാഹനം എത്തുമെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.

സംഗീതവും കാറിലെ വായുസാഹചര്യങ്ങളും സജ്ജീകരിക്കുന്നതിനൊപ്പം എത്തിച്ചേരാനുള്ള സമയം, സ്ഥാനം, റൂട്ട് എന്നിവ പരിശോധിക്കുന്നതിനുള്ള ഒരു വ്യക്തിഗത നിയന്ത്രണ പാനലും ഇതില്‍ ഉള്‍പ്പെടുത്തും.

ഡ്രൈവര്‍ സീറ്റ് ഇല്ലാത്തതിനാല്‍, ഓരോ യാത്രക്കാര്‍ക്കും ഒരേതരം ഇരിപ്പിട സൗകര്യവും ഉപകരണങ്ങള്‍ ഉപയോഗിക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു.

കൂടാതെ ആമസോണ്‍ ബ്ലാക്ക്‌ബെറിയുമായി സഹകരിച്ചു നിര്‍മിച്ച ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമായ 'ഐവി' തത്സമയം സെന്‍സര്‍ ഡാറ്റ വിശകലനം ചെയ്യുന്നതിന് ഈ വാഹനങ്ങളെ സഹായിക്കുന്നുണ്ട്. ഏത് കാര്‍ നിര്‍മ്മാതാവിനും 'ഐവി' ഉപയോഗിക്കാം.

സിലിക്കണ്‍ വാലിയിലെ ഫോസ്റ്റര്‍ സിറ്റിയില്‍ 2014ല്‍ സ്ഥാപിതമായ സൂക്‌സ് 2020 ജൂണില്‍ ആമസോണ്‍ ഏറ്റെടുത്തു. ഈ കമ്പനി ആമസോണിന്റെ ഒരു സ്വതന്ത്ര സബ്‌സിഡിയറിയായി പ്രവര്‍ത്തിക്കുന്നു.


Tags:    

Similar News