ഒരു ഓട്ടോ കോംപണന്റ് നിര്‍മാതാക്കള്‍ കൂടി ഓഹരി വിപണിയിലേക്ക്
200 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും 3.15 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പന
ഓട്ടോ കോംപണന്റ് നിര്‍മാതാക്കളായ ദിവ്ജി ടോര്‍ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) യില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയല്‍ ചെയ്തു. 200 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും ഷെയര്‍ഹോള്‍ഡര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും 3.15 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പന.
ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ 1.75 ദശലക്ഷം ഓഹരികളും എന്‍ആര്‍ജെഎന്‍ ഫാമിലി ട്രസ്റ്റിന്റെ 1.15 ദശലക്ഷം ഓഹരികളും ഭരത് ഭാല്‍ചന്ദ്ര ദിവ്ഗിയുടെ 49,430 ഓഹരികളുമാണ് ഓഫര്‍ ഫോര്‍ സെയ്‌ലില്‍ ഉള്‍പ്പെടുന്നത്. ഇംഗ വെഞ്ചേഴ്സും ഇക്വിറസ് ക്യാപിറ്റലുമാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.
രാജ്യത്തെ ഒഇഎമ്മികള്‍ക്ക് ട്രാന്‍സ്ഫര്‍ കേസ് സിസ്റ്റം വിതരണം ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് ദിവ്ജി ടോര്‍ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ്. ഐപിഒയില്‍നിന്നുള്ള വരുമാനം മൂലധന ചെലവുകള്‍ക്കായാണ് കമ്പനി വിനിയോഗിക്കുക. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളിലെ ഗിയറുകളും ഘടകങ്ങളും നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങനും കമ്പനി പദ്ധതിയിടുന്നുണ്ട്.
സ്ഥാപനം ഇതിനകം പൂനെയില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കമ്പനിക്ക് മൂന്ന് നിര്‍മാണ കേന്ദ്രങ്ങളുണ്ട്, ഒന്ന് കര്‍ണാടകയിലും രണ്ട് മഹാരാഷ്ട്രയിലും. ജാപ്പനീസ് ഓട്ടോമോട്ടീവ് വിതരണ ശൃംഖലയായ ബോര്‍ഗ്വാര്‍ണര്‍, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുമായി രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനി ബിസിനസ് നടത്തുന്നു.
2022 സാമ്പത്തിക വര്‍ഷത്തില്‍ 233.78 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം.