ഏഥര്‍ എനര്‍ജിയുടെ പുത്തന്‍ മോഡലുകളെത്തി; ഓണം ഓഫറും പ്രഖ്യാപിച്ചു

125 സി.സി സ്‌കൂട്ടറുകളോട് മത്സരിക്കാന്‍ പുത്തന്‍ മോഡല്‍; പൊലീസുകാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക ഓഫര്‍

Update:2023-08-11 20:31 IST

പ്രമുഖ വൈദ്യുത ഇരുചക്ര വാഹന (EV) നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി മൂന്ന് പുത്തന്‍ മോഡലുകള്‍ ഇന്ന് വിപണിയിലിറക്കി. ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന 450എസും 450 എക്‌സിന്റെ പരിഷ്‌കരിച്ച രണ്ട് പതിപ്പുകളുമാണ് പുത്തന്‍ താരങ്ങള്‍.

പുതിയ 2.9 കിലോ വാട്ട് അവര്‍ (kwh) ബാറ്ററിയോട് കൂടി എത്തുന്ന 450 എസ് നിലവില്‍ വിപണിയിലുള്ള 125 സി.സി ശ്രേണിയിലെ മോഡലുകളുമായാകും നേരിട്ട് ഏറ്റുമുട്ടുകയെന്ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വാഹനം അവതരിപ്പിച്ച ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്‌നീത് എസ്. ഫൊകേല പറഞ്ഞു.
115 കിലോമീറ്ററാണ് 450 എസിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. ടോപ് സ്പീഡ് 90 കിലോമീറ്റര്‍. എട്ടര മണിക്കൂര്‍കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാമെന്ന് ഏഥര്‍ പറയുന്നു.
2.9 കെ.ഡബ്ല്യു.എച്ച്., 3.7 കെ.ഡബ്ല്യു.എച്ച് ബാറ്ററി ശ്രേണികളില്‍ 450 എക്‌സ് ലഭിക്കും. 111 കിലോമീറ്ററാണ് 450 എക്‌സ് 2.9 കെ.ഡബ്ല്യു.എച്ച് ബാറ്ററി മോഡലിന്റെ റേഞ്ച്. 3.7 കെ.ഡബ്ല്യു.എച്ചിന്റേത് 150 കിലോമീറ്റര്‍. അഞ്ചേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാം. സ്മാര്‍ട്ട്ഇക്കോ, ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് തുടങ്ങിയ റൈഡിംഗ് മോഡുകളുണ്ട്. നാവിഗേഷന്‍, ഡീപ് വ്യൂ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, റൈഡ് അസിസ്റ്റ്, പുതിയ സ്വിച്ച് ഗിയര്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍, റിവേഴ്‌സ് ഗിയര്‍, എല്‍.ഇ.ഡി ഹെഡ്‌ലാമ്പ് തുടങ്ങി നിരവധി ആകര്‍ഷക ഫീച്ചറുകളാല്‍ സമ്പന്നമാണ് പുത്തന്‍ മോഡലുകള്‍.
1.30 ലക്ഷം രൂപയാണ് 450 എസിന്റെ എക്‌സ്‌ഷോറൂം വില. കേരളത്തില്‍ ഓണ്‍-റോഡ് വില 1.45 ലക്ഷം രൂപ പ്രതീക്ഷിക്കാം. 450 എക്‌സ് 2.9 കെ.ഡബ്ല്യു.എച്ചിന് 1.38 ലക്ഷം രൂപയും 3.7 കെ.ഡബ്ല്യു.എച്ചിന് 1.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
കേരള വിപണിയും ഏഥറും
കേരളത്തില്‍ 22 ശതമാനം വിപണി വിഹിതമാണ് ഏഥറിനുള്ളതെന്ന് രവ്‌നീത് എസ്. ഫൊകേല പറഞ്ഞു. ഇതുവരെ 19,800 ഉപയോക്താക്കളെ കമ്പനി കേരളത്തില്‍ സ്വന്തമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് സബ്‌സിഡിയോ റോഡ് നികുതിയിളവോ ഇല്ലാതിരുന്നിട്ടും മികച്ച വില്‍പനനേട്ടം കുറിക്കാന്‍ കമ്പനിക്ക് കഴിയുന്നുണ്ടെന്നും ഓണക്കാലത്തോടെ ഉപയോക്താക്കളുടെ എണ്ണം 20,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 16 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ (ഷോറൂമുകള്‍) ഏഥറിനുണ്ട്. വൈകാതെ പത്തനംതിട്ട, തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളിലും ഷോറൂം ആരംഭിക്കും. പുതിയ മോഡലുകളുടെ പിന്തുണയോടെ നടപ്പു വര്‍ഷാന്ത്യമാകുമ്പോഴേക്കും വിപണിവിഹിതം 30 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് ഡിസ്‌കൗണ്ട്
ഓണം ഓഫറുകളും ഏഥര്‍ എനര്‍ജി പ്രഖ്യാപിച്ചു. ഓരോ പര്‍ച്ചേസിനും 2,500 രൂപയുടെ വിലക്കിഴിവുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് ബോണസായി 5,000 രൂപ നേടാം. ഇതിന് പുറമേ പൊലീസുകാര്‍ക്ക് 3,000 രൂപയും അദ്ധ്യാപകര്‍ക്കും സഹകരണ സ്ഥാപന ജീവനക്കാര്‍ക്കും 500 രൂപയും വിലക്കിഴിവ് ലഭിക്കും. കഴിഞ്ഞ ഓണക്കാലത്ത് മൊത്തം വാര്‍ഷിക വില്‍പനയുടെ 15 ശതമാനം നേടാന്‍ ഏഥറിന് കഴിഞ്ഞിരുന്നു. ചിപ്പ്ക്ഷാമം അടക്കമുള്ള പ്രതിസന്ധികള്‍ ഇല്ലാത്തതിനാല്‍ ഇക്കുറി പ്രതീക്ഷ 25 ശതമാനം വില്‍പനയാണെന്ന് രവ്‌നീത് എസ്. ഫൊകേല ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു.
Tags:    

Similar News