ഇ-ട്രോണ്‍ ഇന്ത്യയിലെത്തിച്ച് ഔഡി: ലക്ഷ്യം 2025 ഓടെ 15 ശതമാനം ഇവികള്‍

ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്‌സ്ബാക്ക് എന്നീ പതിപ്പുകളിലാണ് ഇ-ട്രോണ്‍ എത്തുന്നത്

Update:2021-07-23 18:14 IST

ഇന്ത്യന്‍ ഇലക്ട്രിക് വാഹന ലോകത്ത് തങ്ങളുടെ കരുത്തനെ അവതരിപ്പിച്ച് ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി. എസ് യു വി വിഭാഗത്തില്‍പ്പെടുന്ന ഇ-ട്രോണ്‍ 99.99 ലക്ഷം രൂപ മുതലുള്ള വിലയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നീ പതിപ്പുകള്‍ക്ക് യഥാക്രമം 99.99 ലക്ഷം, 1.16 കോടി, 1.18 കോടി എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

ഇ-ട്രോണ്‍ 50ല്‍ 71 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇതിന് 308 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. 402 ബിഎച്ച്പിയും 664 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 95 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കുമായാണ് ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 359 കിലോമീറ്റര്‍ മുതല്‍ 484 കിലോമീറ്റര്‍ വരെ ദൂരപരിധിയാണ് കമ്പനി ഇ ട്രോണിന് അവകാശപ്പെടുന്നത്. വെര്‍ച്വല്‍ കോക്ക്പിറ്റ്, ആംബിയന്റ് ലൈറ്റിംഗ്, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, എട്ട് എയര്‍ബാഗുകള്‍, നാല് സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവ ഇ ട്രോണിന്റെ സവിശേഷതകളാണ്.
അതേസമയം, ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് തങ്ങളുടെ പങ്കാളിത്തം ശക്തമാക്കാനാണ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെ 2025 ഓടെ തങ്ങളുടെ വില്‍പ്പനയുടെ 15 ശതമാനവും ഇലക്ട്രിക് വാഹന വിഭാഗത്തില്‍നിന്നുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച മൂന്നാമത്തെ ആഡംബര കാര്‍ നിര്‍മാതാക്കളാണ് ഔഡി. മഴ്സിഡസ് ഇക്യുസി, ജാഗ്വാര്‍ ഐ-പേസ് എന്നിവയാണ് ആഡംബര കാര്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഇവികള്‍.


Tags:    

Similar News