കൊറോണ കാലത്തെ ബ്രാന്‍ഡിംഗ്; 'സാമൂഹിക അകലം' പ്രചരിപ്പിക്കാന്‍ ഔഡി വരെ ലോഗോ മാറ്റിയത് ഇങ്ങനെ

Update:2020-04-13 13:28 IST

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള വിവിധ ഓട്ടോമൊബൈല്‍ കമ്പനികള്‍ തങ്ങളുടെ പ്ലാന്റുകളില്‍ കൊറോണ വ്യാപനം തടയാനുപയോഗിക്കുന്ന മെഡിക്കല്‍ എയ്ഡുകളുടെ നിര്‍മാണം തുടങ്ങിയിരുന്നു. ആനന്ദ് മഹീന്ദ്ര അടക്കമുള്ള ഓട്ടോമൊബൈല്‍ ഭീമന്മാര്‍ വിവിധ രാജ്യങ്ങളിലേക്ക് കോടികളാണ് കോവിഡ് സഹായമായി എത്തിച്ചതും. വിവിധ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍ കോവിഡ് വ്യാപനം തടയാനുള്ള സാമൂഹിക അകലം പാലിക്കലിനെക്കുറിച്ചുള്ള വ്യത്യസ്തമായ കാമ്പെയ്‌നുകളും നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്ങളുടെ ലോഗോകള്‍ താല്‍ക്കാലികമായി മാറ്റി രൂപകല്‍പ്പന ചെയ്യുന്നതിലൂടെ സാമൂഹിക അകലം എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍.

ഔഡി, മെര്‍സിഡീസ് ബെന്‍സ്, ഹ്യുണ്ടായ്, ഫോക്സ്വാഗണ്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ അവബോധം സൃഷ്ടിക്കാന്‍ മുന്‍കൈയെടുത്തിരിക്കുകയാണ്. 'വീട്ടിലിരിക്കുക, അകലം പാലിക്കുക, ആരോഗ്യത്തോടെയിരിക്കുക, പരസ്പരം പിന്തുണയ്ക്കുക - നാം ഇതില്‍ ഒരുമിച്ചാണ് എന്നതാണ് ഔഡി ലോകത്തിന് നല്‍കുന്ന സന്ദേശം. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ അടുത്തിടെ പുറത്തിറക്കിയ ലോഗോയില്‍ Volks Wagen എന്നതിന്റെ V, W എന്നിവ തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരു ലോഗോ പുറത്തിറക്കി. ലോഗോയ്ക്കൊപ്പം 'അകലം പാലിച്ചതിന് നന്ദി' എന്ന വാക്കുകളും നിര്‍മ്മാതാക്കള്‍ ചേര്‍ത്തിരിക്കുന്നു.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സും മൂന്ന് പോയിന്റുള്ള നക്ഷത്രത്തിനും ചുറ്റുമുള്ള വളയത്തിനും ഇടയില്‍ അകലമുണ്ടാക്കി. അകലം പാലിച്ചതിന് കമ്പനി എല്ലാവരോടും നന്ദി പറഞ്ഞു, 'ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെയും വീട്ടിലിരിക്കുന്നതിലൂടെയും തങ്ങള്‍ക്ക് വൈറസിനെ വിജയകരമായി നേരിടാന്‍ കഴിയും.

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായും തങ്ങളുടെ 'H' ലോഗോ വിഭജിച്ചു. പരസ്പരം കൈ കുലുക്കുന്ന രണ്ടുപേരില്‍ നിന്ന് ഉരുത്തിരിഞ്ഞ ലോഗോയില്‍ ശാരീരിക ബന്ധമില്ലാതെ രണ്ട് പേരെ കാണിക്കുന്നതായി മാറ്റം വരുത്തി. ലോഗോയ്ക്കൊപ്പം 'സുരക്ഷ ആദ്യം' എന്ന സന്ദേശം പുറത്തിറക്കി.

സാമൂഹിക അകലം എന്നത് അടിസ്ഥാനപരമായി മറ്റുള്ളവരുമായുള്ള അനിവാര്യ സമ്പര്‍ക്കം കുറയ്ക്കുക, മറ്റ് ആളുകളില്‍ നിന്ന് ഒരു മീറ്റര്‍ ദൂരം നിലനിര്‍ത്തുക എന്നിവയാണ്. കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനായി ലോകമെമ്പാടും ഇത് നടപ്പാക്കിയിട്ടുണ്ട്. ബ്രാന്‍ഡുകള്‍ അവരുടെ ലോഗോകള്‍ എഡിറ്റുചെയ്തും അവയ്ക്കിടയില്‍ വിടവുകള്‍ സൃഷ്ടിച്ചും സന്ദേശം പങ്കുവെച്ചും കൊറോണ ബാധയ്‌ക്കെതിരെ പോരാടുമ്പോള്‍ എങ്ങനെ വ്യത്യസ്തമായി ഈ അവസരത്തില്‍ ബ്രാന്‍ഡിംഗ് നടത്താമെന്നു കൂടിയാണ് മികച്ച ഉദാഹരണമാകുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News