Auto

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ തീപിടുത്തം; ബാറ്ററി തകരാറും വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതും കാരണമെന്ന് ഡിആര്‍ഡിഒ

ചിലവ് ചുരുക്കാന്‍ നിര്‍മാതാക്കള്‍ നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട്

Dhanam News Desk

തുടര്‍ച്ചയായി രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (EV Scooter) തീപിടിക്കുന്ന വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡി ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ-DRDO) ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിആര്‍ഡിഒയിലെ സെന്റര്‍ ഫോര്‍ ഫയര്‍, എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് സേഫ്റ്റി ആണ് പഠനം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബാറ്ററി പായ്ക്കുകളുടെയും മൊഡ്യൂളുകളുടെയും രൂപകല്‍പ്പനയിലുള്ള തകരാറുകളാണ് തീപിടുത്തിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വാഹന നിര്‍മാതാക്കള്‍ നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചത് അപകടത്തിന് കാരണമായി. വിവിധ താപനിലയില്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററികളുടെ കഴിവ് ഉള്‍പ്പയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ട് പരമാള്‍ശിക്കുന്നതായാണ് വിവരം. ഓല, പ്യുവര്‍ ഇവി, ബൂം മോട്ടോര്‍, ജിതേന്ദ്ര ഇലക്ട്രിക് വേഹിക്കിള്‍ തുടങ്ങിയവയുടെ മോഡലുകള്‍ക്കാണ് അപകടം ഉണ്ടായത്.

അടുത്ത വര്‍ഷം ജനുവരി മുതല്‍ എഐഎസ് -048 സ്റ്റാന്‍ഡേര്‍ഡ് പരിശോധന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. നിലവില്‍ എഐഎസ്-048 സ്റ്റാന്‍ഡേര്‍ഡിലാണ് വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. എഐഎസ്-048 ടെസ്റ്റുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ചാര്‍ജ്, വൈബ്രേഷന്‍, ഷോക്ക്, നെയില്‍ പെനട്രേഷന്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. എന്നാല്‍ എഐഎസ്-156ല്‍ വൈബ്രേഷന്‍, മെക്കാനിക്കല്‍ ഡ്രോപ്പ്, മെക്കാനിക്കല്‍ ഷോക്ക്, ഫയര്‍ റെസിസ്റ്റന്‍സ്, എക്‌സ്റ്റേണല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഓവര്‍ചാര്‍ജ് പ്രൊട്ടക്ഷന്‍, ഓവര്‍-ഡിസ്ചാര്‍ജ് പ്രൊട്ടക്ഷന്‍ ഓവര്‍-ടെമ്പറേച്ചര്‍ പ്രൊട്ടക്ഷന്‍, തെര്‍മല്‍ ഷോക്ക്, സൈക്ലിംഗ് തുടങ്ങിയ ടെസ്റ്റുകള്‍ ഉണ്ടാവും.

2030ഓടെ ഇരുചക്രവാഹന വിപണിയില്‍ ഇലക്ട്രിക് മോഡലുകളുടെ വിഹിതം 80 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 2021-22 സാമ്പത്തിക വര്‍ഷം രാജ്യത്തെ ഇ-സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 155 ശതമാനത്തിലധികം (4.2 ലക്ഷത്തിലധികം സ്‌കൂട്ടറുകള്‍) വര്‍ധനവാണ് ഉണ്ടായത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT