വാഹന വിലയില്‍ വര്‍ധനവുമായി മാരുതി സുസുക്കി: ഏതൊക്കെ വാഹനങ്ങള്‍ക്ക് എങ്ങനെ? അറിയാം

1553 കോടിയുടെ ലാഭമാണ് ഈ സാമ്പത്തിക വര്‍ഷം മാരുതി പ്രതീക്ഷിക്കുന്നത്;

Update:2021-01-19 10:28 IST

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എം എസ് ഐ എല്‍) വാഹന വില 34,000 (ഡല്‍ഹി എക്‌സ് ഷോറൂം) വരെ ഉയര്‍ത്തി. വിലവര്‍ധന ജനുവരി 18 മുതല്‍ പ്രാബല്യത്തില്‍ വന്നു. കമ്പനി ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും വലിയ വിലവര്‍ധവാണിത്. സ്റ്റീലിന്റെ കുത്തനെയുള്ള വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉള്‍പ്പെടെയുള്ള ഇന്‍പുട്ട് ചെലവിലെ വര്‍ധനയാണ് കാര്‍ വില വര്‍ധനവിന് കാരണം.

വ്യവസായ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, എം എസ് ഐ ആള്‍ട്ടോയുടെ വില 9,000 രൂപ വരെ ഉയര്‍ത്തിയപ്പോള്‍ എസ്പ്രെസ്സോയ്ക്ക് 7,000 രൂപയാണ് വില വര്‍ധിപ്പിച്ചത്. ബലേനോയെ സംബന്ധിച്ചിടത്തോളം വില 19,400 രൂപ വരെ ഉയര്‍ത്തി.
വാഗണ്‍ആറിന്റെ വില 2,500 വരെ വര്‍ദ്ധിപ്പിച്ച് 18,200 രൂപയായി. ബ്രെസയ്ക്ക് 10,000 രൂപയും സെലേറിയോയുടെ വില 14,400 വരെയും ഉയര്‍ത്തി.
അതേസമയം 2020 ഡിസംബറില്‍ വില്‍പ്പനയില്‍ 20.2 ശതമാന വര്‍ധനവ് രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി. 1,60,226 യൂണിറ്റാണ് വിറ്റഴിച്ചത്.
2020ല്‍ ആഭ്യന്തര വില്‍പ്പനയില്‍ 17.8 ശതമാനം വര്‍ധനവാണുണ്ടായത്. 1,46,480 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആള്‍ട്ടോ, എസ്-പ്രസ്സോ എന്നിവ ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന 4.4 ശതമാനം വര്‍ധിച്ച് 24,927 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23,883 ആയിരുന്നു.
കോംപാക്ട് സെഗ്മെന്റ് വാഹനങ്ങളായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 18.2 ശതമാനം വര്‍ധിച്ച് 77,641 യൂണിറ്റായി. 2019 ഡിസംബറില്‍ 65,673 യൂണിറ്റായിരുന്നു വിറ്റഴിഞ്ഞത്. ഇടത്തരം സെഡാന്‍ സിയാസിന്റെ വില്‍പ്പന 28.9 ശതമാനം കുറഞ്ഞു. 2019 ഡിസംബറിലെ 1,786 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 1,270 യൂണിറ്റുകള്‍ മാത്രമാണ് 2020 ഡിസംബറില്‍ വിറ്റഴിഞ്ഞത്.
അതേസമയം 1553 കോടിയുടെ ലാഭമാണ് ഈ സാമ്പത്തിക വര്‍ഷം മാരുതി പ്രതീക്ഷിക്കുന്നത്.


Tags:    

Similar News