2021 ല്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിപ്പിക്കാന്‍ ബിഎംഡബ്ല്യു

കഴിഞ്ഞവര്‍ഷം ആഗോള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 31.8 ശതമാനമായി ഉയര്‍ന്നിരുന്നു

Update:2021-01-17 08:39 IST


വാഹന വിപണിയിലെ ഭീമന്‍മാരായ ബി എം ഡബ്ല്യു 2021 ല്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിപ്പിക്കാനൊരുങ്ങുന്നു. കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളുന്നത് കുറയ്ക്കാനും എതിരാളികളായ ടെസ്ലയോട് മത്സരിക്കാനുമാണ് സമ്പൂര്‍ണ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കി വില്‍പ്പന ഇരട്ടിപ്പിക്കാന്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ, 2020 നെ അപേക്ഷിച്ച് വൈദ്യുതീകരിച്ച വാഹനങ്ങളുടെ വില്‍പ്പനയില്‍ 50% വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്നും ബി എം ഡബ്ല്യു പറഞ്ഞു.

2020 ല്‍ സമ്പൂര്‍ണ ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വിഭാഗങ്ങളില്‍നിന്ന് 193,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റതെന്ന് ബി എം ഡബ്ല്യു അറിയിച്ചു. അതേസമയം 2020 ല്‍ ടെസ്ല 500,000 ഇലക്ട്രിക് വാഹനങ്ങളാണ് വിതരണം ചെയ്തത്. സമ്പൂര്‍ണ ഇലക്ട്രിക്കായും പ്ലഗ് ഇന്‍ ഹൈബ്രിഡായും ബി എം ഡബ്ല്യു ഗ്രൂപ്പ് നിലവില്‍ 13 ഇലക്ട്രിക് മോഡലുകളാണ് നിര്‍മിക്കുന്നത്.

2020 ല്‍ ആഗോള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 31.8 ശതമാനം ഉയര്‍ന്നതായും യൂറോപ്പിലെ വില്‍പ്പനയുടെ 15 ശതമാനം വര്‍ധിച്ചതായും ബി എം ഡബ്ല്യു പറഞ്ഞു. 2023 ഓടെ, ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 25 മോഡലുകളിലേക്ക് ഇരട്ടിയാക്കും. ഇതില്‍ പകുതിയിലധികം സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹനങ്ങളായിരിക്കും.

കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതിനൊപ്പം രാജ്യങ്ങള്‍ 2030 മുതല്‍ പുതിയ ഫോസില്‍-ഇന്ധന വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചേക്കും. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് കാര്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.



Tags:    

Similar News