പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു മോട്ടോര്‍റാഡ്

ബിഎംഡബ്ല്യു സിഇ -04 ജുലൈ ഏഴിന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു

Update: 2021-07-04 06:00 GMT

ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബിഎംഡബ്ല്യു സിഇ -04 ജുലൈ ഏഴിന് അവതരിപ്പിക്കും. ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ ഇലക്ട്രിക് ശ്രേണി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. ബിഎംഡബ്ല്യു സിഇ -04 പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ട്വിറ്ററില്‍ ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സാങ്കേതിക സവിശേഷതകളോടെയാണ് ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ പുതിയ മോഡലെത്തുന്നത്. 2020 നവംബറിലായിരുന്നു ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനമായ ബിഎംഡബ്ല്യു സിഇ കമ്പനി അവതരിപ്പിച്ചത്. ഇതിന് സമാനമായി 130 കിലോമീറ്റര്‍ വേഗത പുതിയ മോഡലിനുമുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപകല്‍പ്പനയില്‍, ഫ്രണ്ട് കൗളിന്റെ മധ്യഭാഗത്തെ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള വിശാലമായ വി ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ് ബൈക്കിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നുണ്ട്. ടീസറിലെ ഒരു ഒരു ഷോട്ട് ഇതിന് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.
ബിഎംഡബ്ല്യു സിഇ -04ന്റെ ലോഞ്ചിംഗ് ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂറ്റിയൂബ് ചാനല്‍ എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഇലക്ട്രിക് ബൈക്കിനെക്കുറിച്ചും അതിന്റെ രൂപകല്‍പ്പനയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധര്‍ വിശദീകരിക്കും.



Tags:    

Similar News