വില്‍പ്പനയില്‍ ഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ബിഎംഡബ്ല്യു
കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 96,00 യൂണിറ്റ് ആഡംബര വാഹനങ്ങളാണ് നിര്‍മാതാക്കള്‍ വിറ്റഴിച്ചത്
ഇന്ത്യയിലെ മൊത്തം വില്‍പ്പനയില്‍ ഒരു ലക്ഷം നാഴികക്കല്ല് കടന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഇന്ത്യന്‍ ആഡംബര വാഹന വിപണിയില്‍ രംഗപ്രവേശനം ചെയ്ത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നേട്ടം ബിഎംഡബ്ല്യു സ്വന്തമാക്കിയത്. അതേസമയം, കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 96,00 യൂണിറ്റ് ആഡംബര വാഹനങ്ങളാണ് നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. കഴിഞ്ഞ കാലയളവിനേക്കാള്‍ 70 ശതമാനം വര്‍ധനവാണിത്. ഇത് ഒരു ലക്ഷം യൂണിറ്റുകളെന്ന നേട്ടം കൈവരിക്കാന്‍ ഏറെ സഹായകമായി.
''ബിഎംഡബ്ല്യുവിന്റെ മൊത്തം വില്‍പ്പന 2021 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 9,602 യൂണിറ്റായി ഉയര്‍ന്നു, 2020 നേക്കാള്‍ 70 ശതമാനം വര്‍ധനവാണിത്'' ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ വിക്രം പാവ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ത്രൈമാസ അടിസ്ഥാനത്തില്‍, 2021 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍, ബിഎംഡബ്ല്യു മിനി ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ 90.5 ശതമാനം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവില്‍ 1,588 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷത്തെ കാലയളവില്‍ 2,636 യൂണിറ്റുകളുടെ വില്‍പ്പനയാണ് നേടിയത്. അതേസമയം, വാഹന നിര്‍മാണത്തിന്റെ ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ അത് നികത്താന്‍ മോഡലുകള്‍ക്ക് ചെറിയ വില വര്‍ധനവും കമ്പനി ഈ മാസം മുതല്‍ നടപ്പാക്കുന്നുണ്ട്.