അമേരിക്കയിൽ വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ 1.7 ശതകോടി ഡോളർ പദ്ധതി

വാഹന ഉൽപ്പാദനത്തിന് ഒരു ശതകോടി ഡോളറും, ബാറ്ററി നിർമാണത്തിന് 700 ദശലക്ഷം ഡോളറും നിക്ഷേപിക്കും

Update:2022-10-20 18:30 IST

അമേരിക്കയിലെ ദക്ഷിണ കരോലിനയിലെ ഉൽപ്പാദന കേന്ദ്രത്തിൽ വൈദ്യുത വാഹനങ്ങൾ നിർമിക്കുന്നതിന് വൻ പദ്ധതിയുമായി ജർമൻ കമ്പനിയായ ബി എം ഡബ്ല്യൂ (BMW) തയ്യാറെടുക്കുന്നു. മൊത്തം 1.7 ശതകോടി ഡോളർ മൂലധന ചെലവിൽ ഒരു ശതകോടി ഡോളർ വാഹന നിർമാണ കേന്ദ്രത്തിനും ബാക്കി തുക ബാറ്ററി നിർമാണ കേന്ദ്രത്തിനുമാണ്. ഇതിലൂടെ 300 പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും.

ബി എം ഡബ്ല്യൂ നടത്തുന്ന ഏറ്റവും വലിയ ഒറ്റ നിക്ഷേപമാണ് ഇതെന്ന് കമ്പനി ചെയർമാൻ ഒളിവർ സിപ് സെ അഭിപ്രായപ്പെട്ടു. പുതിയ ഉയർന്ന വോൾടേജ് ബാറ്ററികളുടെ നിർമാണം ചൈന കമ്പനിയായ എൻവിഷൻ ഓട്ടോമോട്ടീവ് എനർജി സപ്ലൈ കോർപറേഷൻ നടത്തും.മൊത്തം വാർഷിക ഉൽപ്പാദന ശേഷി 30 ഗിഗാ വാട്ട് (GWh). പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക വഴി ബാറ്ററി ചാർജിങ് വേഗത 30 % വർധിക്കും, ഊർജ സാന്ദ്രത 20 % കൂടും.

2030 -ഓടെ 6 പുതിയ വൈദ്യുത വാഹനങ്ങൾ അമേരിക്കയിൽ നിർമിക്കും.

ദക്ഷിണ കരോലിന ഉൽപ്പാദന കേന്ദ്രം 30 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ശേഷം 6 ദശലക്ഷം വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. 11,000 ജീവനക്കാർ ഉണ്ട്, വാർഷിക ഉൽപ്പാദന ശേഷി 4,50,000 വാഹനങ്ങൾ.

--


Tags:    

Similar News