പുത്തന്‍ വാഹനം വാങ്ങുന്നവരും വില്‍ക്കുന്നവരും അറിയണം: ഈ മാറ്റം ഇന്നുമുതല്‍

വാഹനം വാങ്ങുന്നവരുടെ സമയലാഭത്തിനും അഴിമതി ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്

Update: 2021-04-15 04:53 GMT

പുത്തന്‍ വാഹനം വാങ്ങി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഇനി സമയം പാഴാക്കേണ്ട. ഇന്നുമുതല്‍ ഷോറൂമുകളില്‍നിന്ന് സ്ഥിരമായി നമ്പര്‍ പ്ലേറ്റുകള്‍ പതിപ്പിച്ചായിരിക്കും വാഹനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം രജിസ്‌ട്രേഷന് മുമ്പായുള്ള വാഹന പരിശോധന ഒഴിവാക്കിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ പുത്തന്‍ വാഹനങ്ങള്‍ക്ക് ഷോറൂമില്‍നിന്ന് ഘടിപ്പിക്കുന്നത്.

അതേസമയം, സ്ഥിരമായ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം നല്‍കിയാല്‍ ഡീലര്‍മാരില്‍നിന്ന് പിഴയീടാക്കാനും നിര്‍ദേശമുണ്ട്. 10 വര്‍ഷത്തെ റോഡ് നികുതിക്ക് സമാനമായ തുകയായിരിക്കും പിഴയായി ഈടാക്കുക.
ഷോറൂമില്‍നിന്ന് തന്നെ സ്ഥിരമായ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുന്നതിലൂടെ നമ്പര്‍പ്ലേറ്റില്‍ കൃത്രിമത്വം കാണിക്കുന്നത് തടയാനാകുമെന്നാണ് വിലയിരുത്തുന്നത്. ഒരിക്കല്‍ ഇളക്കി മാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്ത ഹുക്കാണ് നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാന്‍ ഉപയോഗിക്കുക. ഷോറൂമുകളില്‍നിന്ന് തന്നെയാണ് സ്ഥിര നമ്പറിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വാഹനം വാങ്ങുന്നവരുടെ സമയലാഭത്തിനും അഴിമതി ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഷാസിയായി നിര്‍മിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഷോറൂമുകളില്‍നിന്ന് സാധ്യമാവില്ല. അത്തരം വാഹനങ്ങള്‍ ബോഡി നിര്‍മിച്ചതിന് ശേഷം ആര്‍ടി ഓഫീസിലെത്തിച്ച് രജിസ്‌ട്രേഷന്‍ നടത്തണം.



Tags:    

Similar News