2030ന് മുമ്പ് കാര്‍ബണ്‍ എമിഷന്‍ 40 ശതമാനം കുറയ്ക്കും, ബിഎംഡബ്ല്യുവിന്റെ പദ്ധതികളിങ്ങനെ

2030 നകം വില്‍പ്പനയില്‍ പകുതിയും ഇലക്ട്രിക് വാഹനങ്ങളാക്കാനും കമ്പനി ലക്ഷ്യമിടുന്നു

Update:2021-09-03 18:21 IST

കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ മാതൃകയുമായി ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 2030നകം തങ്ങളുടെ വാഹനത്തിന്റെ ജീവിതചക്രത്തിലുടനീളം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാണ് മ്യൂണിക് ആസ്ഥാനമായ കാര്‍ നിര്‍മാതാക്കളൊരുങ്ങുന്നത്. ഉല്‍പ്പാദന പ്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍, 2030 ഓടെ കുറഞ്ഞത് 40 ശതമാനം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുമെന്ന് കാര്‍ നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി, കാറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന റീസൈക്കിള്‍ ചെയ്തതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളുടെ അനുപാതം 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.
യൂറോപ്യന്‍ നാടുകളില്‍ അടക്കം ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവമുള്ളതിനാല്‍ കമ്പസ്റ്റന്‍ എഞ്ചിന്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തലാക്കാന്‍ ബിഎംഡബ്ല്യുവിന് കഴിയില്ല. ഇതേതുടര്‍ന്നാണ്, പാരീസ് ഉടമ്പടിയുടെ ഭാഗമായി കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ മുന്നിട്ടിറങ്ങിയത്. പുതിയ നീക്കങ്ങളിലൂടെ 2019 ലെ ലെവലില്‍നിന്ന് കാര്‍ബണ്‍ എമിഷന്‍ പകുതിയായി കുറയ്ക്കാനാകുമെന്നാണ് കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ.
അതേസമയം, 2030 ആകുമ്പോഴേക്കും തങ്ങളുടെ വില്‍പ്പനയില്‍ പകുതിയും ഇലക്ട്രിക് വാഹനങ്ങളാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അതിനിടെ, ആഗോളതലത്തില്‍ തുടരുന്ന ചിപ്പ് ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും ഉപഭോക്താക്കളെ ബാധിക്കുമെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കിയിട്ടുണ്ട്.


Tags:    

Similar News