521 കി.മീ റേഞ്ച്, 33.99 ലക്ഷം രൂപയ്ക്ക് BYD Atto 3 എത്തി

ഇതുവരെ 1,500 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്

Update: 2022-11-14 10:22 GMT

ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡിയുടെ (BYD) ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി അറ്റോ 3 (Atto 3) ഇന്ത്യന്‍ വിപണിയില്‍ എത്തി. 33.99 ലക്ഷം രൂപയാണ് മോഡലിന്റെ എക്‌സ് ഷോറൂം വില. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലിന്റെ ബുക്കിംഗ് ബിവൈഡി നേരത്തെ ആരംഭിച്ചിരുന്നു. ഇതുവരെ 1,500 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്. 2023 ജനുവരിയിലാണ് അറ്റോ 3യുടെ വിതരണം ആരംഭിക്കുന്നത്.

എംജി ZS ഇവി, ഹ്യൂണ്ടായി കോന തുടങ്ങിയവയുമായി മത്സരിക്കുന്ന മിഡ്-സൈസ്ഡ് എസ്‌യുവിയാണ് അറ്റോ 3. ഒറ്റച്ചാര്‍ജില്‍ വാഹനം 521 കിലോ മീറ്റര്‍ സഞ്ചരിക്കും. 201 എച്ച്പി പവറും 310 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിത്തുന്ന മോട്ടോര്‍ ആണ് അറ്റോയ്ക്ക് നല്‍കിയിരിക്കുന്നത്. 60.48 kWh ആണ് വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബാറ്ററിയുടെ ശേഷി. 80 കിലോവാട്ടിന്റെ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റുകൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

ബിവൈഡി നല്‍കുന്ന 7 കിലോവാട്ടിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 10 മണിക്കൂറോളം വേണ്ടിവരും. പൂജ്യത്തില്‍ നിന്ന് 100 കി.മീറ്ററില്‍ എത്താന്‍ അറ്റോയ്ക്ക് 7.3 സെക്കന്‍ഡുകള്‍ മതി. ബാ്റ്ററിക്ക് എട്ട് വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്ററാണ് കമ്പനി നല്‍കുന്ന വാറന്റി. പ്രൊമോഷണല്‍ പായ്‌ക്കേജിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തേക്ക് 4ജി ഡാറ്റയും സൗജന്യമായി നല്‍കും.

7 എയര്‍ബാഗുകള്‍, 12.8 ഇഞ്ചിന്റെ സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ വ്യൂ, 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, കൊളിഷന്‍ വാണിംഗ് , ബ്ലൈന്‍ഡ് സ്‌പോട്ട് വാണിംഗ് തുടങ്ങിയ സംവിധാനങ്ങളും അറ്റോയില്‍ ബിവൈഡി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Tags:    

Similar News