സ്വന്തമായി ഇനി കാര്‍ വാങ്ങേണ്ട; ഇന്‍ഷുറന്‍സും സര്‍വീസുമുള്‍പ്പെടെ വാടകയ്ക്ക് നല്‍കാന്‍ മഹീന്ദ്ര ഫിനാന്‍സ്
ക്വിക്ക്‌ലീസ് എന്ന ഈസി കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വിശദാംശങ്ങളറിയാം.
കാര്‍ സ്വന്തമായി വാങ്ങുന്നതും ഇന്‍ഷുറന്‍സും സര്‍വീസും വില്‍ക്കാന്‍ നേരത്തുള്ള നഷ്ടവുമെല്ലാം ഇനി പഴങ്കഥ. കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍സ്. Quiklyz എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഇതിനായി കമ്പനി ആരംഭിച്ചത്. സബ്സ്‌ക്രിപ്ഷനു പുറമെ ലീസിനും വാഹനങ്ങള്‍ നല്‍കും. പിന്നീട് അത് പുതുക്കാനും സ്വന്തമാക്കാനും കഴിയും.
തുടക്കമെന്നോണം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നോയിഡ, പൂനെ, എന്നിവിടങ്ങളിലായിരിക്കും ക്വിക്ക് ലീസിന്റെ (quiklyz) സേവനം ലഭ്യമാവുക. തുടര്‍ന്ന് ടയര്‍ 2-3 നഗരങ്ങളിലേക്ക് ഉള്‍പ്പടെ സേവനം വ്യാപിപ്പിക്കും. അഞ്ചുകൊല്ലം കൊണ്ട് 10,000 കോടിയുടെ ഇടപാടാണ് കാര്‍ സബ്സ്‌ക്രിപ്ഷന്‍ രംഗത്ത് മഹീന്ദ്ര ഫിനാന്‍സ് ലക്ഷ്യമിടുന്നതെന്ന് ക്വിക്ലീസ് വിഭാഗം മേധാവി ടൂറാ മുഹമ്മദ് പറഞ്ഞു.
പുതുതലമുറയ്ക്കും കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നതില്‍ മഹീന്ദ്ര ഫിനാന്‍സിനെ മുന്‍നിരയില്‍ നിര്‍ത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് മഹീന്ദ്ര ഫിനാന്‍സ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രമേഷ് അയ്യര്‍ പറഞ്ഞു.
മില്ലേനിയല്‍ മൈന്‍ഡ് സെറ്റ് അഥവാ വാഹനങ്ങള്‍ സ്വന്തമാക്കിയാലും അതിന്റെ തലവേദനകള്‍ക്ക് പിന്നാലെ പോകാന്‍ സമയമില്ലാത്ത യുവാക്കളുടെ പുത്തന്‍ ചിന്താഗതിയാണ് തങ്ങളെ ഈ ഉദ്യമത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വിശദമാക്കി. വിവിധ മോഡലുകള്‍ക്കു പുറമെ ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പടെയുള്ളവ ലഭ്യമാക്കുമെന്നും മഹീന്ദ്ര ഫിനാന്‍സ് അറിയിച്ചു.
മാസം ഒരു നിശ്ചിത തുക അടച്ച് പുതിയ കാറുകള്‍ ഉപയോഗിക്കാനുള്ള അവസരമാണ് കാര്‍ സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നത്. കരാര്‍ കഴിയുന്നത് വരെ തുക ഉയര്‍ത്തുകയുമില്ല. ഇന്‍ഷുറന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങി എല്ലാ ഉപഭോക്തൃസേവനങ്ങളും ലഭ്യമാകും.
ക്വിക്ലീസ് കേരളത്തില്‍ കൊച്ചി പോലുള്ള നഗരങ്ങളിലും രണ്ടാം ഘട്ടത്തോടെ വരാനാണിട. പ്രൊഫഷണലായി കാര്‍ സബ്‌സ്‌ക്രിപ്ഷന്‍, അതും മൊബൈല്‍ ക്ലിക്കില്‍ ഈസിയായി അവതരിപ്പിക്കുകയാണ് കാര്‍ കമ്പനിയുടെ ലക്ഷ്യം. വിവിധ ഓട്ടോമോട്ടീവ് ഒഇഎമ്മുകളുമായുള്ള പങ്കാളിത്തത്തോടെ ലീസിങും സബ്സ്ക്രിപ്ഷനും നടപ്പിലാക്കാന്‍ ക്വിക്ക്ലീസ് ചര്‍ച്ചകള്‍ നടത്തുകയുമാണ്.