മെഴ്സിഡീസ് കാറില്‍ ചങ്ങാതിയാകാന്‍ ഇനി ചാറ്റ് ജി.പി.ടിയും
മനുഷ്യൻ സംസാരിക്കുന്നത് പോലെ കാർ മറുപടികള്‍ നല്‍കും
ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടിയുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. മെഴ്സിഡീസ് ഉപയോക്താക്കള്‍ക്ക് കാറുമായി സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളിലേക്ക് ചാറ്റ് ജി.പി.ടി സംയോജിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
മനുഷ്യൻ സംസാരിക്കും പോലെ
ഒരു വ്യക്തിയെ പോലെ സംസാരിക്കാനും അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാനും വാഹനങ്ങളെ പ്രാപ്തരാക്കി ഉപയോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് ഈ നീക്കം. നാവിഗേഷന്‍ ആപ്പുകളില്‍ നിന്നും ദിശാസൂചനകള്‍ നല്‍കുന്ന മെക്കാനിക്കല്‍ ശബ്ദത്തിന് പകരം മെഴ്സിഡീസിലെ ചാറ്റ് ജി.പി.ടി മനുഷ്യൻ സംസാരിക്കുന്നത് പോലെ മറുപടികള്‍ നല്‍കും.
പരീക്ഷണ ഘട്ടത്തില്‍
നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. മൂന്ന് മാസത്തെ പരീക്ഷണ കാലയളവില്‍ ഡ്രൈവര്‍മാര്‍ ഈ നൂതന സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും നിരീക്ഷിക്കും. പരീക്ഷണ കാലയളവില്‍ ലഭിക്കുന്ന ഫലങ്ങളെ അടിസ്ഥാനമാക്കിയാകും ഈ സംവിധാനം മെഴ്സിഡീസ് മറ്റ് രാജ്യങ്ങളിലും ഭാഷകളിലും നടപ്പിലാക്കുക.