ചൈനയുടെ 'ചങ്കന്‍' ഇന്ത്യയില്‍നിന്ന് പിന്‍വാങ്ങുന്നു

ചാന്‍ങാന്‍ ഇന്ത്യയില്‍ 500 മില്ല്യണ്‍ ഡോളര്‍ (3600 കോടി) നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Update: 2021-01-29 11:22 GMT

ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രവേശനത്തിനൊരുങ്ങിയ ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ചാന്‍ങാന്‍ ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. ഇന്ത്യയില്‍ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തില്‍നിന്നും കമ്പനി പിന്‍വാങ്ങി. നേരത്തെ ചാന്‍ങാന്‍ ഇന്ത്യയില്‍ 500 മില്ല്യണ്‍ ഡോളര്‍ (3600 കോടി) നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യയും ചൈനയുമായി നടന്നുകൊണ്ടിരിക്കുന്ന അതിര്‍ത്തിപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ചാന്‍ങാന്‍ ഇന്ത്യയിലേക്കുള്ള വരവ് നിര്‍ത്തിവച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) ഏറ്റുമുട്ടിയതിന് ശേഷം രണ്ട് അയല്‍രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഏറ്റുമുട്ടലിനുശേഷം, രാജ്യത്തെ എല്ലാ ചൈനീസ് നിക്ഷേപങ്ങള്‍ക്കുമെതിരേ ഇന്ത്യന്‍ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്ലിക്കേഷനുകളും നിരോധിച്ചു, വാഹനമേഖലയിലെ നിരവധി നിക്ഷേപങ്ങളും നിര്‍ത്തിവയ്ക്കുകയും ചെയ്തു.
അതേസമയം ഇന്ത്യന്‍ വാഹന വിപണിയിലേക്ക് വരാനുള്ള തീരുമാനത്തിന്റെ ഭാഗമായി ചാന്‍ങാന്‍ തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിര്‍മാണ പ്ലാന്റിനുള്ള സൗകര്യമൊരുക്കാന്‍ കണ്‍സള്‍ട്ടന്‍സികളുമായി ധാരണയാക്കിയിരുന്നു. എന്നാല്‍ ചാന്‍ങാന്റെ ഇന്ത്യയിലെ ഓഫീസുകള്‍ കഴിഞ്ഞമാസം അടച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഏക ഉപദേഷ്ടാവും സ്ഥാനം രാജിവച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചാന്‍ങാന്‍ ഇന്ത്യയിലേക്ക് വരാന്‍ നടത്തിയ മൂന്നാമത്തെ ശ്രമമാണിത്. ആദ്യഘട്ടത്തില്‍ തങ്ങളുടെ ആഗോള പങ്കാളികളായ ഫോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രദമായില്ല.


Tags:    

Similar News