ചിപ്പ് ക്ഷാമം: ജാഗ്വര്‍ ലാന്റ്‌റോവര്‍ വിതരണം പ്രതിസന്ധിയില്‍
രണ്ടാം പാദത്തിലെ വാഹന വിതരണത്തില്‍ 50 ശതമാനം കുറവുണ്ടായേക്കുമെന്ന് കമ്പനി
ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം ജാഗ്വര്‍ ലാന്റ്‌റോവറിന് തിരിച്ചടിയാകുന്നു. രണ്ടാം പദത്തിലെ വാഹന വിതരണത്തില്‍ അമ്പത് ശതമാനത്തിന്റെ കുറവുണ്ടായേക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്റ്‌റോവര്‍ വ്യക്തമാക്കി. 'ചിപ്പ് ക്ഷാമം ആദ്യപാദത്തേക്കാള്‍ രണ്ടാം പാദത്തില്‍ രൂക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലമായി വാഹനങ്ങളുടെ വിതരണത്തില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ 50 ശതമാനത്തിന്റെ കുറവുണ്ടായേക്കും' കമ്പനി ചൊവ്വാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം കമ്പനിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയും കുത്തനെ കുറഞ്ഞു. ഇന്നലെ 8 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മുമ്പത്തെ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ചിപ്പ് ക്ഷാമം കാരണം ജാഗ്വര്‍ ലാന്റ് റോവറിന്റെ വില്‍പ്പനയില്‍ 27 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു അക്കാലയളവിലെ വാഹന വില്‍പ്പന കുത്തനെ കുറഞ്ഞത്.
2021 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 124,537 വാഹനങ്ങളാണ് ജാഗ്വര്‍ ലാന്റ്‌റോവര്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ വിറ്റ 74,067 വാഹനങ്ങളെ അപേക്ഷിച്ച് 68.1 ശതമാനം വര്‍ധനവാണിത്. യുകെ (+ 186.9%), യൂറോപ്പ് (+ 124.0%), വടക്കേ അമേരിക്ക (+ 50.5%), ചൈന (+ 14.0%) എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.