ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി ഇനിയും വൈകും
നവംബര്‍ 30ന് നിശ്ചയിച്ചിരുന്ന ആദ്യബാച്ചിന്റെ വിതരണം നീട്ടി
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആദ്യ ബാച്ചിന്റെ ഡെലിവറി നീട്ടിവെച്ച് ഒല. നവംബര്‍ 30ന് ആദ്യ ബാച്ച് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് ഡിസംബര്‍ 15 മുതല്‍ 31വരെയായി പുതുക്കി നിശ്ചയിച്ചത്. സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമമാണ് വിതരണം വൈകാന്‍ കാരണം.
ചിപ്പ് ക്ഷാമത്തിന് പുറമെ മറ്റ് ഇലക്ട്രിക് പാര്‍ട്ട്‌സുകളുടെ വരവും കുറഞ്ഞത് സ്‌കൂട്ടറുകളുടെ ഉത്പാദനത്തെ ബാധിച്ചു. സ്‌കൂട്ടറുകളുടെ വിതരണം തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച ഒല, തല്‍ക്കാലത്തേക്ക് പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നതും നിര്‍ത്തിവെച്ചു. ഒല സ്‌കൂട്ടറുകള്‍ക്കായി 4ജി ഒക്ടാകോര്‍ പ്രൊസസറുകള്‍ നല്‍കുന്നത് ക്വാല്‍കോം ആണ്.
അടുത്ത വര്‍ഷം ഏപ്രിലോടെ മാത്രമെ ചിപ്പ് ക്ഷാമത്തിന് പരിഹാരം ആവുകയുള്ളു എന്ന് ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് രാജെന്‍ വകാഡിയ നേരത്തെ അറിയിച്ചിരുന്നു. ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് 15-20 ചിപ്പുകള്‍ ആണ് വേണ്ടിവരുക. കാറുകള്‍ക്ക് ഇത് 150 മുതല്‍ 200 വരെയാണ്. ഒലയെക്കൂടാതെ ഏതര്‍ എനര്‍ജിയും ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് സ്‌കൂട്ടറുകളുടെ വിതരണ സമയം നീട്ടിയിട്ടുണ്ട്.
അതേ സമയം നവംബര്‍ 27 മുതല്‍ ഒല s1, ഒല s1 പ്രൊ സ്‌കൂട്ടറുകള്‍ കോഴിക്കോടും തിരുവനന്തപുരത്തും കോഴിക്കോടും ലഭ്യമാകും. s1ന് ഒരുലക്ഷം രൂപയും s1 പ്രൊയ്ക്ക് 1.3 ലക്ഷം രൂപയുമാണ് വില.