ക്രോസ്ഓവര്‍ എസ്.യു.വികള്‍ മാറിനില്‍ക്കൂ, ക്രോസ്ഓവര്‍ സെഡാനുമായി സിട്രോണ്‍
വാഹനം 2024ല്‍ എത്തും
ഫ്രഞ്ച് വാഹന നിർമാതാവ് സിട്രോണിന്റെ സി3, സി3 എയര്‍ക്രോസ് എന്നിവയ്ക്ക് പിന്നാലെ അടുത്ത വര്‍ഷം സി3എക്‌സ് ക്രോസ്ഓവര്‍ സെഡാന്‍ (Citroen C3X crossover sedan) ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട്. വിവിധ എസ്.യു.വികള്‍ വാഴുന്ന വിപണിയിലേക്കാണ് 2024ല്‍ സി3എക്‌സ് ക്രോസ്ഓവര്‍ സെഡാന്‍ എത്തുന്നത്.
മികച്ച ഡിസൈന്‍
സി3എക്‌സ് ക്രോസ്ഓവര്‍ സെഡാന്‍ മികച്ച ഡിസൈനുമായാണ് പുറത്തിറങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാസ്റ്റ്ബാക്ക് സ്‌റ്റൈലിംഗും എസ്.യു.വി പോലുള്ള ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് സി3എക്‌സ് വരുന്നത്. ഇത് സെഡാന്‍ വിഭാഗത്തില്‍ സവിശേഷമായ ഒന്നാണ്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, ഫോക്സ്വാഗണ്‍ വെര്‍ട്യുസ്, സ്‌കോഡ സ്ലാവിയ തുങ്ങിയവയായിരിക്കും നിരത്തില്‍ സി3എക്‌സിന്റെ എതിരാളികള്‍.
സി3 എയര്‍ക്രോസിന് സമാനമായ ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ അലോയ് വീലുകള്‍, ചുറ്റും പരുക്കന്‍ രൂപത്തിലുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിങ്ങനെ എസ്.യു.വികള്‍ക്കുള്ള നിരവധി പ്രത്യേകതകള്‍ ഇതിനുണ്ട്. 1.2 ലിറ്റര്‍, 110 എച്ച്.പി ടര്‍ബോ പെട്രോള്‍ എന്‍ജിനുമായി ആയിരിക്കും സെഡാന്‍ വരുന്നത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന സെഡാന്‍ വില്‍പ്പനയ്ക്കെത്തിയതിന് ശേഷം കുറഞ്ഞത് ആറ് മാസത്തിന് ശേഷം ഇതിന്റെ ഇലക്ട്രിക് പതിപ്പും പ്രതീക്ഷിക്കാം.സി3എക്‌സ് 2024 ജൂലൈയില്‍ എത്തും. ആറുമാസത്തിനു ശേഷം 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ക്രോസ്ഓവര്‍ സെഡാന്റെ ഇലക്ട്രിക് പതിപ്പ് എത്തും.
സാവധാനത്തോടെ തുടക്കം
സി5 എയര്‍ക്രോസ് എന്ന പ്രീമിയം മിഡ്-സൈസ് എസ്.യു.വിയിലൂടെ ഇന്ത്യന്‍ വിപണിയില്‍ സിട്രോണിന് വളരെ സാവധാനത്തിലുള്ള തുടക്കമായിരുന്നു. പിന്നീട് സി3 മൈക്രോ-എസ്.യു.വി, ഇസി3 ഇവി തുടങ്ങിയ മോഡലുകള്‍ വിപണിയിലെത്തിയതോടെ സിട്രോണിന്റെ വില്‍പ്പന മെച്ചപ്പെട്ടു.