ഡാഷ് ക്യാം
കാറിന്റെ മുന്നിലുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന ഉപകരണമാണ് ഡാഷ് കാമറകള്‍. മറക്കാനാകാത്ത യാത്രകള്‍ ഷൂട്ട് ചെയ്യുക എന്നതല്ല ഇതിന്റെ പ്രധാന ലക്ഷ്യം, അപകടങ്ങളുണ്ടാകുമ്പോള്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുമുളള മാര്‍ഗം കൂടിയാണ് ഡാഷ് കാമറകള്‍. നിരവധി കമ്പനികള്‍ ഡാഷ് കാമറകള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണികളിലിറക്കുന്നുണ്ട്.
ആന്റി സ്ലീപ്പ് അലാം
പുലര്‍ച്ചെയുള്ള ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതാണ്. ഇത് സ്വന്തം ജീവനു മാത്രമല്ല മറ്റുള്ളവരുടെ ജീനവും കൂടിയാണ് ഭീഷണിയാകുന്നത്. ഡ്രൈവിംഗിനിടയില്‍ ഉറക്കം തൂങ്ങുന്നവരെ ഉണര്‍ത്തുന്നതിനുള്ള ഇലക്ട്രോണിക് ഡിറ്റക്റ്ററാണ് ആന്റി സ്ലീപ്പ് അലാം. ഉറക്കമൊഴിച്ചുള്ള യാത്രകള്‍ ചെയ്യേണ്ടി വരുന്നവര്‍ ഇത്തരത്തിലൊന്ന് ഉപയോഗിക്കുകയാണെങ്കില്‍ ഏറെ പ്രയോജനപ്പെടും. വിവിധതരത്തിലുള്ള ഗാഡ്ജറ്റ്‌സ് ഇന്ന് ലഭ്യമാണ്. അത്തരത്തിലൊന്നാണ് സ്റ്റോപ്പ്സ്ലീപ്പ് എന്ന കുഞ്ഞന്‍ ഉപകരണം. മോതിരം പോലെ അണിയാവുന്ന ഇതിലെ ഇലക്ട്രോണിക് സെന്‍സറുകള്‍ ഡ്രൈവറുടെ ക്ഷീണവും ഉറക്കം തൂങ്ങലും അതിവേഗം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് കൊടുക്കുന്നു.
ബ്ലൂടൂത്ത് കാര്‍ കിറ്റ്
മിക്ക കാറുകളും ബ്ലൂടൂത്ത് സൗകര്യങ്ങളോടെയാണ് വരുന്നത്. എന്നാല്‍ അത്തരം സംവിധാനങ്ങളില്ലാത്തവര്‍ വിഷമിക്കേണ്ടതില്ല. ബെള്‍ക്കിന്‍ പോലുള്ള കമ്പനികള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി കാറിനെ കണക്റ്റ് ചെയ്യാനുള്ള ബ്ലൂടൂത്ത് കാര്‍ കിറ്റുകള്‍ വിപണിയിലിറക്കുന്നുണ്ട്. പഴയ കാറിലും ഇവ സ്ഥാപിക്കാനാകും. ഇതുവഴി ഡ്രൈവ് ചെയ്യുമ്പോഴും സുരക്ഷിതമായി കാര്‍ സ്പീക്കര്‍ വഴി ഫോണ്‍ എടുക്കാനും പാട്ട് കേള്‍ക്കുന്നതിനും സാധിക്കും.
റിവേഴ്‌സ് കാമറ/സെന്‍സര്‍
റിവേഴ്‌സ് കാമറകളും സെന്‍സറുകളും കാറുകളിലിന്ന് സാധാരണയാണ്. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ ഡ്രൈവറുടെ ആയാസവും അപകടവും കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. എന്നാല്‍ സാധാരണ റിവേഴ്‌സ് കാമറകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഉപകരണമാണ് പേള്‍ റിയല്‍വിഷന്‍ സിസ്റ്റം. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ബാക്കപ്പ് കാമറയായി മാറ്റുന്നു. അതുവഴി പിന്നോട്ട് എടുക്കുമ്പോള്‍ വാഹനം മൊത്തത്തിലായി കാണാനാകുന്നു. മുന്‍ ആപ്പിള്‍ എന്‍ജിനീയര്‍മാരാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
രക്ഷ ബീം അസിസ്റ്റ് (ആര്‍.ബി.ഐ)
രാത്രിയിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണമാണ് വാഹനങ്ങളുടെ കണ്ണിലേക്ക് തുളച്ചുകയറുന്ന ഹൈ ബീം വെളിച്ചം. എതിരെ വരുന്ന വാഹനത്തിനായി ഹെഡ്‌ലൈറ്റ് ഒന്ന് ഡിം ചെയ്തു കൊടുക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിനൊരു പരിഹാരമാണ് രക്ഷാ ബീം അസിസ്റ്റ് എന്ന സംവിധാനം. ലളിതമായി പറഞ്ഞാല്‍ എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഓട്ടോമാറ്റിക്കായി ഹെഡ്‌ലൈറ്റ് ഡിം ആക്കുന്ന സംവിധാനമാണിത്. റോഡിലെ വെളിച്ചവും വാഹനത്തിന്റെ വേഗതയും അടിസ്ഥാനമാക്കി ഹെഡ്‌ലാമ്പ് ഹൈ ബീമോ ലോ ബീമോ ആകുന്നതിനാല്‍ ഡ്രൈവര്‍ക്ക് ആയാസരഹിതമായി വാഹനം ഓടിക്കാം. ആവശ്യമെങ്കില്‍ രക്ഷാ ബീമിന്റെ പ്രവര്‍ത്തനം നിര്‍ത്തി മാനുവല്‍ രീതിയിലേക്ക് മാറ്റാനുമാകും.
വാഹനത്തിന്റെ മുന്‍ഗ്ലാസില്‍ ഘടിപ്പിക്കുന്ന സെന്‍സര്‍ അടക്കമുള്ള ലളിതമായ സംവിധാനമാണിത്. ജിപിഎസ് അടിസ്ഥാനമാക്കിയാണിത് പ്രവര്‍ത്തിക്കുന്നത്. രാത്രിയിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ആര്‍.ബി.ഐക്ക് കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് രാജ്യത്ത്് ഇതിന്റെ മാര്‍ക്കറ്റിംഗ് ചുമതലയുള്ള സിഗ്മ ട്രേഡിംഗ് കമ്പനിയുടെ ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ സിമ്പിള്‍ വി. തോമസ് പറയുന്നു. ഹൈദരാബാദിലെ കകാതിയ എനര്‍ജി സിസ്റ്റംസാണ് ഉല്‍പ്പന്നം നിര്‍മിക്കുന്നത്. വിവിധ വാഹന ഡീലര്‍മാര്‍മാരില്‍ നിന്നും ആക്‌സസറി ഷോറൂകളിലും ഇത് ലഭ്യമാകും.
ജിപിഎസ് ട്രാക്കര്‍
ജിപിഎസ് ട്രാക്കര്‍ വഴി എപ്പോഴും നിങ്ങളുടെ വാഹനത്തിന്റെ ലൊക്കേഷന്‍ അറിയാനാകും. കുടുംബത്തിലുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും വാഹനത്തിന്റെ ദുരുപയോഗവും മോഷണവും തടയുന്നതിനുമൊക്കെ ഏറെ ഉപകാരപ്രദമാണ് ഈ സംവിധാനം. ചില ജിപിഎസ് ട്രാക്കറുകള്‍ വഴി നിങ്ങള്‍ തീരുമാനിച്ചിരിക്കുന്ന പ്രദേശത്തിന് പുറത്ത് വാഹനം പോയാല്‍ ഇ-മെയ്‌ലായും സന്ദേശമായും അറിയിപ്പ് തരും. ഇവ മാസം തോറും നിശ്ചിത തുക സേവനത്തിനായി ഈടാക്കും.
ബ്ലൈന്‍ഡ് സ്‌പോട്ട് അലേര്‍ട്ട്
വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന ഇടങ്ങളാണ് ബ്ലൈന്‍ഡ് സ്‌പോട്ട്. കുട്ടികള്‍ പെട്ടെന്ന് ഇത്തരം ഇടങ്ങളില്‍ ഓടിവന്ന് ഡ്രൈവര്‍ കാണാതെ അപകടങ്ങളുണ്ടാകുക പതിവ് സംഭവങ്ങളാണ്. ചില പ്രീമിയം കാറുകളില്‍ ബ്ലൈന്‍ഡ് സപോട്ട് അലേര്‍ട്ട് സംവിധാനങ്ങള്‍ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ബ്ലൈന്‍ഡ് സ്‌പോട്ടില്‍ ഏതെങ്കിലും വസ്തു ഉണ്ടെങ്കില്‍ അറിയിപ്പ് തരുന്ന സംവിധാനമാണിത്. ബ്ലൈന്‍ഡ് സ്‌പോട്ട് മിററുകള്‍ സ്ഥാപിച്ച് ഈ സംവിധാനം പ്രയോജനപ്പെടുത്താനാകും.