കാര്‍ വിപണി മിന്നിത്തിളങ്ങും: ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍
ഇന്ത്യയിലേക്ക് അനുവദിച്ച മെയ്ബാക്ക് ജിഎല്‍എസ് 600 ന്റെ 50 യൂണിറ്റുളുടെയും ബുക്കിംഗ് വിപണിയിലെത്തുന്നതിന് മുമ്പുതന്നെ പൂര്‍ണമായതായി മെഴ്‌സിഡീസ് ബെന്‍സ് വ്യക്തമാക്കി
ആഡംബരങ്ങളോട് ഏവര്‍ക്കും പ്രിയമാണ്, പ്രത്യേകിച്ച് കാറുകളോട്. എന്തുവില കൊടുത്തും ആഡംബര കാറുകള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന വലിയൊരു ആഡംബര കാര്‍ പ്രേമികള്‍ തന്നെ നമുക്കിടയിലുണ്ട്. അവര്‍ക്കൊക്കെയും ഏറെ ആഹ്ലാദം പകരുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒട്ടും വൈകാതെ തന്നെ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ആഡംബര കാറുകളുടെ കുത്തൊഴുക്ക് തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ 'ഒരു പ്രതികാര വാങ്ങല്‍' സൂപ്പര്‍ ആഡംബര കാര്‍ വിപണിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിപണി പ്രതീക്ഷിച്ച് അത്യാഡംബര വാഹനങ്ങളായ മെഴ്‌സിഡീസ് ബെന്‍സിന്റെ മെയ്ബാക്ക് ജിഎല്‍എസ് 600, ലംബോര്‍ഗിനിയുടെ ഹുറാക്കന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍. മെഴ്‌സിഡീസ് മെയ്ബാക്ക് ജിഎല്‍എസ് 600 ന് 2.43 കോടി രൂപയും ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡറിന് 3.54 കോടി രൂപയുമാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.