ഇന്ത്യ വിട്ടതിനു പിന്നാലെ അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതിയുമായി ഫോര്‍ഡ്

ബാറ്ററി നിര്‍മാണ ഫാക്ടറിയും അസംബ്ലി പ്ലാന്റും നിര്‍മിക്കാന്‍ 11.4 ശതകോടി ഡോളര്‍ ചെലവിടും

Update:2021-09-28 17:19 IST

ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്‍വാങ്ങലിന് പിന്നാലെ അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. അമേരിക്കയിലെ ടെന്നസി, കെന്റക്കി എന്നിവിടങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ മൂന്ന് ബാറ്ററി നിര്‍മാണ ഫാക്ടറികളും അസംബ്ലി പ്ലാന്റും നിര്‍മിക്കുന്നതിനായി 11.4 ശതകോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ എസ് കെ ഇന്നവേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഫോര്‍ഡ് 7 ശതകോടി ഡോളറും എസ്‌കെ 4.4 ശതകോടി ഡോളറുമാകും ചെലവിടുക.

ഫോര്‍ഡ് വൈദ്യുത വാഹന നിര്‍മാണത്തിനായി രണ്ട് പ്ലാന്റുകളും സ്ഥാപിക്കും. ഏകദേശം 11000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. 2025 ഓടെ വൈദ്യുത വാഹനങ്ങള്‍ക്കായി 30 ശതകോടി ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഫോര്‍ഡിന്റെ പുതിയ പ്രഖ്യാപനമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജിം ഫാര്‍ലെ പറയുന്നു.
ടെന്നസിയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പദ്ധതി ആറു ചതുരശ്ര മൈല്‍ പ്രദേശത്താണ്. ഒരു നൂറ്റാണ്ട് മുമ്പ് ഫോര്‍ഡ് സ്ഥാപകന്‍ ഹെന്റി ഫോര്‍ഡ് മിഷിഗണില്‍ നിര്‍മിച്ച പ്ലാന്റിനേക്കാള്‍ മൂന്നിരട്ടി വലിപ്പമാണ് ഇതിനുണ്ടാകുക.
ഈ മാസം ആദ്യമാണ്, കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം അറിയിച്ചത്. ഏകദേശം നാലായിരത്തിലേറെ തൊഴിലാളികള്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.


Tags:    

Similar News