ഇലക്ട്രിക് വാഹന നിര്‍മാണം; 1200 കോടി നിക്ഷേപിക്കാന്‍ ടിവിഎസ്

സ്വിസ് ഇ-ബൈക്ക് കമ്പനിയായ ഈഗോ മൂവ്‌മെന്റിന്റെ 80 ശതമാനം ഓഹരികള്‍ ടിവിഎസ് സ്വന്തമാക്കിയിരുന്നു.

Update: 2021-11-23 10:30 GMT

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളിള്‍ ഒന്നായ ടിവിഎസ് മോട്ടോഴ്‌സ് തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഇലക്ടിക് വാഹനങ്ങള്‍ക്കും ഭാവി ടെക്‌നോളജികള്‍ വികസിപ്പിക്കാനും 12,00 കോടി രൂപയുടെ നിക്ഷേപമാണ് ടിവിഎസ് നടത്തുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ടിവിഎസ് ചെയര്‍മാന്‍ ശ്രീനിവാസന്‍ ഒപ്പുവെച്ചു.

ഇലക്ട്രിക് സെഗ്മെന്റിന്റെ വിപുലീകരണം, ഡിസൈന്‍, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ അടുത്ത നാലുകൊല്ലം കൊണ്ടാണ് തുക നിക്ഷേപിക്കുക. ഇലക്ട്രിക്, ഗ്രീന്‍ ഫ്യുവല്‍ എന്നിവയില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കും. സുസ്ഥിരമായ ഒരു ഇലക്ട്രിക് ബ്രാന്‍ഡ് ആയി മാറുകയാണ് ടിവിഎസിന്റെ ലക്ഷ്യം. നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് കിടക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും നിക്ഷേപം ഗുണം ചെയ്യുമെന്നും ടിവിഎസ് അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടിവിഎസ് മോട്ടോഴ്‌സിന് കീഴില്‍ ഒരു ഉപസ്ഥാപനം ആരംഭിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. 2020 ജനുവരിയിലാണ് ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഐക്യൂബ് പുറത്തിറക്കിയത്. സ്‌കൂട്ടറുകള്‍ക്ക് പുറമെ ഇ-വാഹന വിഭാഗം വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിവിഎസ്.
കഴിഞ്ഞ സെപ്റ്റംബറില്‍ സ്വിസ് ഇ-ബൈക്ക് കമ്പനിയായ ഈഗോ മൂവ്‌മെന്റിന്റെ(EGO Movement) 80 ശതമാനം ഓഹരികള്‍ ടിവിഎസ് സ്വന്തമാക്കിയിരുന്നു. മുച്ചക്ര വാഹന വിപണിയില്‍ ടിവിഎസിന്റെ പ്രധാന എതിരാളികളായ മഹീന്ദ്ര നേരത്തെ തന്നെ ഇലക്ട്രിക് ഓട്ടോറിക്ഷകളും കാര്‍ഗോ വാഹനങ്ങളും അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉപ കമ്പനി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ് ഓട്ടോയും.


Tags:    

Similar News