ഇലക്ട്രിക് വാഹന വില്‍പന: ഇന്ത്യ ഇപ്പോഴും ബഹുദൂരം പിന്നില്‍

ഇന്ത്യയില്‍ മൊത്തം വാഹന വില്‍പനയുടെ ഒരു ശതമാനം മാത്രമാണ് വൈദ്യുത വാഹനങ്ങള്‍

Update: 2023-05-19 11:55 GMT

Image : Canva

വൈദ്യുത വാഹനങ്ങള്‍ക്ക് (Electric Vehicles/EV) സ്വീകാര്യതയേറുകയാണെങ്കിലും വില്‍പനയില്‍ പ്രമുഖ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നില്‍. ഏഷ്യയിലെ മൊത്തം വാഹന വില്‍പനയില്‍ വൈദ്യുത പാസഞ്ചര്‍ വാഹനങ്ങളുടെ (ഇലക്ട്രിക് കാറുകള്‍) വിഹിതം ശരാശരി 17.3 ശതമാനമാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സബ്‌സിഡിയും നികുതിയിളവും ഉള്‍പ്പെടെ പിന്തുണകളുണ്ടായിട്ടും ഇന്ത്യയിലെ മൊത്തം വാഹന വില്‍പനയില്‍ വൈദ്യുത വാഹനങ്ങള്‍ ഇപ്പോഴും 1.1 ശതമാനം മാത്രമാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022ലെ വില്‍പനക്കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

27.1 ശതമാനം വിഹിതവുമായി ചൈനയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്. 10.3 ശതമാനവുമായി ദക്ഷിണ കൊറിയ രണ്ടാമതാണ്. ജപ്പാനില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പന വിഹിതം 2.2 ശതമാനമേയുള്ളൂ. എന്നാല്‍, സമ്പൂര്‍ണ വൈദ്യുത വാഹനങ്ങളേക്കാള്‍ ജപ്പാനില്‍ സ്വീകാര്യത കൂടുതലുള്ളത് ഹൈബ്രിഡ് (പെട്രോള്‍/ഡീസല്‍ എന്‍ജിനൊപ്പം വൈദ്യുതി മോട്ടോറുമുള്ളത്) മോഡലുകള്‍ക്കായതാണ് ഇതിന് കാരണം. ഇന്‍ഡോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ ഇ.വി വിഹിതം 0.1 മുതല്‍ 2.5 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ ഇന്ത്യയില്‍ വിറ്റഴിയുന്ന വൈദ്യുത വാഹനങ്ങളില്‍ 90 ശതമാനവും ടൂവീലറുകളും ത്രീവീലറുകളുമാണ്. ഇവയും കൂട്ടിച്ചേര്‍ത്താലും ഇന്ത്യയുടെ മൊത്തം വാഹന വില്‍പനയില്‍ ഇലക്ട്രിക് മോഡലുകളുടെ വിഹിതം 4.5 ശതമാനമേ ആകുന്നുള്ളൂ.

ടാറ്റാ മോട്ടോഴ്‌സിന്റെ തിളക്കം
ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്ന ഏഷ്യന്‍ കമ്പനികള്‍ക്കിടയില്‍ ഇന്ത്യയുടെ ടാറ്റാ മോട്ടോഴ്‌സിന് ഏഴാം സ്ഥാനമുണ്ട്. ടാറ്റയുടെ മൊത്തം വാഹന വില്‍പനയില്‍ 6 ശതമാനമാണ് വൈദ്യുത വാഹനങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് പ്രമുഖ ജാപ്പനീസ് കമ്പനികളേക്കാള്‍ കൂടുതലാണ്. നിസാന്‍, ഹോണ്ട, ടൊയോട്ട എന്നീ ജാപ്പനീസ് കമ്പനികളുടെ വിഹിതം ഒന്നുമുതല്‍ മൂന്ന് ശതമാനം വരെ മാത്രമാണ്. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ്ക്കും ഉപകമ്പനിയായ കിയയ്ക്കും 10 ശതമാനമാണ് വിഹിതം. 14 മുതല്‍ 26 ശതമാനം വരെ ഇ.വി വില്‍പനയുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഷെജിയാംഗ് ഗീലി, ഗീലി ഓട്ടോ, ഡോങ്‌ഫെങ് എന്നിവയാണ് മുന്നില്‍.
Tags:    

Similar News