ഇലക്ട്രിക് കാര്‍ വിപണിയില്‍ കുതിച്ചുചാട്ടത്തിന് ബി.എം.ഡബ്ല്യു
പുതിയ 12 സമ്പൂര്‍ണ ഇ.വി വിപണിയിലിറക്കും, 2025ഓടെ മൊത്തം വില്‍പനയില്‍ 30 ശതമാനവും ഇലക്ട്രിക് മോഡലുകളാകും
പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു ഇന്ത്യയില്‍ ഇലക്ട്രിക് വാഹനവിപണിയില്‍ പ്രതീക്ഷിക്കുന്നത് വന്‍ കുതിച്ചുചാട്ടം. നിലവില്‍ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ 11 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക്. 2025നകം 12 പുതിയ സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി) വിപണിയിലിറക്കുമെന്നും വില്‍പന വിഹിതം 30 ശതമാനമായി ഉയരുമെന്നാണ് കരുതുന്നതെന്നും ബി.എം.ഡബ്ല്യു ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ വിക്രം പാവാ പറഞ്ഞു.
ഐ4, ഐx7, ഐ7 എന്നിവയ്ക്ക് പുറമേ ഉപ ആഡംബര ബ്രാന്‍ഡായ മിനിയുടെ ഇലക്ട്രിക് മോഡലുകള്‍ എന്നിവയാണ് നിലവില്‍ ബി.എം.ഡബ്ല്യു ഇന്ത്യയില്‍ വില്‍ക്കുന്ന ഇ.വികള്‍. ഈവര്‍ഷം കമ്പനി വിറ്റഴിച്ച 5,500 മോഡലുകളില്‍ 600 എണ്ണവും സമ്പൂര്‍ണ ഇലക്ട്രിക് മോഡലുകളായിരുന്നു. ഈ രംഗത്ത് കമ്പനിയുടെ എതിരാളികളായ മെഴ്‌സിഡെസ്-ബെന്‍സ് 2027ഓടെ കമ്പനിയുടെ മൊത്തം വില്‍പനയില്‍ 25 ശതമാനം ഇ.വികളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. വോള്‍വോ ഇന്ത്യ പ്രതീക്ഷിക്കുന്നത് 2025ഓടെ 80 ശതമാനവും 2030ഓടെ 100 ശതമാനവും ഇ.വി ആയിക്കുമെന്നാണ്.
പ്രാദേശികവത്കരണം ലക്ഷ്യം
നിലവില്‍ ബി.എം.ഡബ്ല്യു ഇന്ത്യയില്‍ വിറ്റഴിക്കുന്ന കാറുകളില്‍ 95 ശതമാനവും പ്രാദേശികമായി തന്നെ നിര്‍മ്മിച്ചതാണ്. ചെന്നൈയിലാണ് പ്ലാന്റ്. പ്രതിവര്‍ഷം 14,000 കാറുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. ഇവിടെ ഇലക്ട്രിക് കാറുകളുടെ അസംബ്ലിംഗ് കൂട്ടുന്നത് പരിഗണിക്കുന്നുണ്ടെന്ന് വിക്രം പാവാ പറഞ്ഞു. നിലവില്‍ ഭാഗികമായി വിദേശത്ത് നിര്‍മ്മിച്ചശേഷം (സെമി നോക്ക്ഡ് ഡൗണ്‍/എസ്.കെ.ഡി) ഇന്ത്യയിലെത്തിച്ച് അസംബിള്‍ ചെയ്താണ് ബി.എം.ഡബ്ല്യുവിന്റെ ഇ.വി വില്‍പന. വിറ്റഴിയുന്ന മോഡലുകളുടെ എണ്ണം വിലയിരുത്തിയാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സുപ്രധാന വിപണി
ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. 2022ല്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ 15-ാം വാര്‍ഷികമായിരുന്നു. ബി.എം.ഡബ്ല്യുവും മിനിയും ചേര്‍ന്ന് 11,981 വാഹനങ്ങളാണ് കഴിഞ്ഞവര്‍ഷം വിറ്റഴിച്ചത്. കമ്പനിയുടെ ആഡംബര മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ മോട്ടോറാഡ് 7,282 പുതിയ ഉപഭോക്താക്കളെയും സ്വന്തമാക്കി.