ഫിയറ്റ് ഇന്ത്യയോട് വിടപറയുന്നു, ഈ വർഷം തന്നെ

Update:2019-02-04 14:06 IST

ഫിയറ്റ് കാറുകൾ ഇന്ത്യയോട് വിടപറയുന്നു. ഓട്ടോ വിപണിയിലെ കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാനാവാതെ വന്നതോടെയാണ് ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫിയറ്റ്-ക്രിസ്‌ലർ ഓട്ടോമൊബൈൽസ് (FCA) ഫിയറ്റ് ബ്രാൻഡ് കാറുകൾ പിൻവലിക്കുന്നത്.

പുണ്ടോ, ലീനിയ, അവെൻച്യൂറ എന്നീ ബ്രാൻഡുകൾ അടുത്തവർഷം മുതൽ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരിക്കില്ല. ഡിസംബർ 2017-നവംബർ 2018 വരെയുള്ള കാലയളവിൽ പുണ്ടോ, ലീനിയ കാറുകൾ ആകെ 101 എണ്ണമാണ് വിറ്റുപോയത്.

അതേസമയം, ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീപ്പ് (Jeep) ഇന്ത്യൻ വിപണിയിൽ തുടരും. മാത്രമല്ല കമ്പനിയുടെ മുഴുവൻ ഫോക്കസും ഇനി ജീപ്പിലായിരിക്കും. ഓട്ടോകാർ ഇന്ത്യയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

നിലവില്‍ മാരുതി, ടാറ്റ തുടങ്ങിയ വാഹനനിര്‍മാതാക്കള്‍ക്ക് ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത് ഫിയറ്റാണ്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ എത്തുന്നതോടെ നിര്‍മാണച്ചെലവ് ഉയരുന്നതുമൂലം പുതിയ ചട്ടങ്ങൾ അനുസരിച്ചുള്ള എൻജിനുകൾ ഫിയറ്റ് നിർമിക്കില്ല. മാരുതിയും ടാറ്റയും ഇനിമുതൽ സ്വന്തമായി എന്‍ജിന്‍ വികസിപ്പിക്കും.

ഇന്ത്യയിൽ നിലനിൽക്കണമെങ്കിൽ എല്ലാ മോഡലുകളും പുതുമയോടെ പുനരവതരിപ്പിക്കേണ്ടതുണ്ട്. ഇതിന് 600 മില്യൺ ഡോളർ (ഏകദേശം 4,300 കോടി രൂപ) നിക്ഷേപമെങ്കിലും വേണ്ടി വരും. അത്തരത്തിലുള്ള വലിയ നിക്ഷേപം നടത്താനുള്ള സ്ഥിതിയിലല്ലാത്തതുകൊണ്ട് നല്ല പ്രകടനം നിലനിർത്തുന്ന ജീപ്പ്ഒഴികെ ബാക്കി എല്ലാ വാഹനങ്ങളും പിൻവലിക്കാനാണ് എഫ്സിഎയുടെ തീരുമാനം.

എഴുപത് വർഷത്തിലേറെയായി രാജ്യത്ത് സാന്നിധ്യമുള്ള ഫിയറ്റുമായി ഇന്ത്യയ്ക്ക് വളരെ വൈകാരികമായ ബന്ധമാണുള്ളത്. 1948 മുതൽ കമ്പനി ഇന്ത്യൻ വിപണിയിലുണ്ട്. എഴുപതുകളിൽ പ്രീമിയർ ഓട്ടോമൊബൈലുമായി ചേർന്ന് പുറത്തിറക്കിയ പ്രീമിയർ പദ്‌മിനി മമ്മൂട്ടി, രജനികാന്ത്, ആമിർഖാൻ തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായിരുന്നു.

Similar News