വരുന്നൂ, ജീപ്പിന്റെ നാല് എസ് യു വികള്‍ 1840 കോടി രൂപയുടെ നിക്ഷേപവുമായി ഫിയറ്റ് ക്രൈസ്‌ലര്‍

തദ്ദേശീയമായി നിര്‍മിക്കുന്ന നാല് ജീപ്പ് എസ് യു വികള്‍ അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപനം

Update:2021-01-05 15:36 IST

ജീപ്പ് റാംഗ്‌ളര്‍ നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ) ഇന്ത്യയില്‍ 250 മില്യണ്‍ ഡോളര്‍ (ഏകദേശം 1850 കോടി രൂപ) നിക്ഷേപിക്കുന്നു. പുതിയ മോഡലുകള്‍ പുറത്തിറക്കുകയും അതു വഴി വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. 2015 ല്‍ രാജ്യത്ത് ജീപ്പ് ബ്രാന്‍ഡ് എത്തിയതിനു ശേഷം ഇതു വരെയായി 450 മില്യണ്‍ ഡോളറാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.

കോംപസിന്റെ പുതിയ മോഡലടക്കം നാല് പുതിയ ജീപ്പ് എസ് യു വികള്‍ ഉടനെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 2022 അവസാനത്തോടെ ഇവയെല്ലാം ഇന്ത്യന്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടേക്കും. ഇവയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പ്ലാന്റുകളില്‍ തന്നെ അസംബ്ള്‍ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. കോംപസിന്റെ പുതിയ പതിപ്പ് ഈ മാസം ഏഴിന് പുറത്തിറക്കും. ഏഴു സീറ്റുകളുള്ള മിഡ് സൈസ് ആഡംബര ജീപ്പ് വിഭാഗത്തില്‍ പെട്ട എച്ച് 6 അടുത്ത വര്‍ഷവും വിപണിയിലെത്തും.
കഴിഞ്ഞ മാസമാണ് എന്‍ജിനീയറിംഗ് ഓപറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഹൈദരാബാദിലെ ഗ്ലോബല്‍ ഡിജിറ്റല്‍ സെന്ററില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതു വഴി ഈ വര്‍ഷം 1000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ല്‍ എഫ്‌സിഎ ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് തുറന്നിരുന്നു.
പുതിയ നീക്കത്തിലൂടെ എഫ്‌സിഎക്ക് രാജ്യത്ത് വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാസഞ്ചര്‍ വെഹിക്ക്ള്‍ വിഭാഗത്തില്‍ ഒരു ശതമാനം വിപണി പങ്കാളിത്തമാണ് കമ്പനി നിലവിലുള്ളത്.
രാജ്യത്ത് ഓട്ടോമൊബീല്‍ മേഖല കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് എഫ്‌സിഎയുടെ നിക്ഷേപ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി രാജ്യത്ത് രണ്ട് നിര്‍മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചു പൂട്ടിയതും 2017 ല്‍ രാജ്യത്തെ വില്‍പ്പന നിര്‍ത്തിയ ശേഷം, ജനറല്‍ മോട്ടോഴ്‌സ് കയറ്റുമതി ലക്ഷ്യമിട്ട് നടത്തിയിരുന്ന ഉല്‍പ്പാദനം നിര്‍ത്തിവെച്ചതും അടുത്തിടെയാണ്. അതേസമയം, ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സും ചൈനയുടെ സൈക് മോട്ടോര്‍ കോര്‍പറേഷനും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.


Tags:    

Similar News