ഇന്ത്യയില്‍ നിന്നുള്ള ഫോര്‍ഡിന്റെ പിന്മാറ്റം; ഡീലര്‍മാരും വാഹനയുടമകളും ആശങ്കയില്‍
ഡീലര്‍മാര്‍ക്കുള്ളത് കോടികളുടെ ബാങ്ക് വായ്പ
അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തുന്നുവെന്ന വാര്‍ത്ത ഡീലര്‍മാരിലും വാഹനയുടമകളിലും സൃഷ്ടിച്ചിരിക്കുന്നത് കടുത്ത ആശങ്ക. ഗുജറാത്തിലെ സാനന്ദിലുള്ള നിര്‍മാണ യൂണിറ്റ് ഈ വര്‍ഷം അവസാനവും ചെന്നൈയിലെ യൂണിറ്റ് അടുത്ത വര്‍ഷം പകുതിയോടെയും അടക്കും.
ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ എന്നിവയുടെ വില്‍പ്പന സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് നിര്‍ത്തും.
നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സര്‍വീസും വാറന്റി കവറേജും തുടരുമെന്ന് ഫോര്‍ഡ് ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും ഫോര്‍ഡ് ഡീലര്‍മാരും വാഹന ഉടമകളും ആശങ്കയിലാണ്.
കോടികളുടെ ബാധ്യത വരുമോ?
''കോടികളുടെ നിക്ഷേപമാണ് ഓട്ടോമൊബീല്‍ ഡീലര്‍മാര്‍ നടത്തിയിരിക്കുന്നത്. ബാങ്ക് വായ്പയിനത്തിലും പലര്‍ക്കും കോടികളുടെ ബാധ്യതയുണ്ട്. ഇന്ത്യയില്‍ ഫ്രാഞ്ചൈസി സംരക്ഷണ നിയമില്ലാത്തതിനാല്‍ ഇതുപോലെ വാഹന നിര്‍മാതാക്കള്‍ പെട്ടെന്ന് ഉല്‍പ്പാദനം നിര്‍ത്തി പിന്‍വാങ്ങുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് ഡീലര്‍മാരാണ്,'' ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ് എ ഡി എ) മുന്‍ പ്രസിഡന്റും നിലവില്‍ സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസിന്റെ മാനേജിംഗ് ഡയറക്റ്ററുമായ ജോണ്‍ കെ പോള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ഓട്ടോമൊബീല്‍ ഡീലര്‍ ഷോറൂമും മറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ വേണ്ടി തന്നെ പത്ത് കോടി രൂപയോളം ചെലവിടണം. ഒന്നോ രണ്ടോ മാസത്തേക്ക് ആവശ്യമായ വാഹനങ്ങള്‍ക്കും സര്‍വീസ് സെന്ററിലേക്കുള്ള സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കും വേണ്ടി പിന്നെയും കോടികള്‍ വേണ്ടിവരും. ഫോര്‍ഡിന്റെ ഒരു ഡീലര്‍ ഒന്നോ രണ്ടോ മാസത്തേക്കുള്ള ഇന്‍വെന്ററിക്കായി കോടിക്കണക്കിന് രൂപ ബാങ്ക് വായ്പ എടുത്തിട്ടുണ്ടാകും.
രാജ്യത്ത് മൊത്തം 170 ഫോര്‍ഡ് ഡീലര്‍മാരും 391 ഔട്ട് ലെറ്റുകളുമാണുള്ളത്. ആയിരക്കണക്കിന് വാഹനങ്ങളും ഡെമോ വാഹനങ്ങളും ഡീലര്‍മാരുടെ കൈവശമുണ്ട്. ഓരോ കാര്‍ ഡീലര്‍ഷിപ്പിന് കീഴിലായും 200-300 ജീവനക്കാരുമുണ്ടാകും. ഈ ജീവനക്കാരുടെ വേതനവും പുനഃക്രമീകരണവുമെല്ലാം ഫോര്‍ഡ് ഡീലര്‍മാരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാകാനാണ് സാധ്യത.
''എത്രമാത്രം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചാലും ഉല്‍പ്പാദനം നിര്‍ത്തിയ കമ്പനിയുടെ വാഹനം വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കും. ഇതെല്ലാം സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഡീലര്‍മാര്‍ കരകയറാന്‍ 5-8 വര്‍ഷമെടുത്തേക്കും,'' ജോണ്‍ കെ പോള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ജനറല്‍ മോട്ടോഴ്‌സ്, ഹാര്‍ളി ഡേവിഡ്‌സണ്‍, മാന്‍ ട്രക്ക്‌സ് എന്നിവ ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തിയപ്പോഴും ഡീലര്‍മാര്‍ ഇതുപോലുള്ള കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചത്. ഈ സാഹചര്യത്തിലാണ് ചൈന, റഷ്യ, ആസ്‌ത്രേലിയ, ഇറ്റലി തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളതുപോലെ ഫ്രാഞ്ചൈസി സംരംക്ഷണ നിയമം ഇന്ത്യയിലും കൊണ്ടുവരണമെന്നാവശ്യം എഫ് എ ഡി എ ഇപ്പോള്‍ ശക്തമായി ഉന്നയിക്കുന്നതെന്ന് ജോണ്‍ കെ പോള്‍ പറയുന്നു. ഡീലര്‍മാരുടെ സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരം കാണാതെ ഫോര്‍ഡിനെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കരുതെന്ന ആവശ്യവും സംഘടന മുന്നോട്ട് വെയ്ക്കുന്നുണ്ട്.
വാഹന ഉടമകളും പ്രതിസന്ധിയില്‍
കോംപാക്ട് എസ് യു വി വിഭാഗത്തില്‍ മലയാളികളുടെ പ്രീതിപിടിച്ചുപറ്റിയ വാഹനമാണ് ഇക്കോസ്‌പോര്‍ട്ട്. ഫോര്‍ഡ് ഇന്ത്യയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലായിരുന്ന ഇക്കോസ്‌പോര്‍ട്ട് 2020ല്‍ മാത്രം 27000 ഓളമാണ് വിറ്റഴിഞ്ഞത്.
ഫോര്‍ഡ് ഫിഗോയും ജനപ്രിയമോഡലുകളില്‍ ഒന്നായിരുന്നു. ഉല്‍പ്പാദനം നിര്‍ത്തിയതോടെ ഈ വാഹനങ്ങളുടെ തുടര്‍ സര്‍വീസ്, സ്‌പെയര്‍പാര്‍ട്‌സ് ലഭ്യത എന്നിവയെ കുറിച്ച് വാഹന ഉടമകളും ആശങ്ക പങ്കുവെയ്ക്കുന്നു. ഇവയൊന്നും തടസ്സപ്പെടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവയൊക്കെ കാത്തിരുന്ന് കാണേണ്ടിവരുമെന്നാണ് വാഹന ഉടമകള്‍ പറയുന്നത്.
''ഒരു മോഡല്‍ ഉല്‍പ്പാദനം നിര്‍ത്തിയെന്ന് പറയുമ്പോള്‍ തന്നെ അത് വാങ്ങാന്‍ ആളുകള്‍ മടിക്കും. മാരുതിയുടെ എ സ്റ്റാര്‍ ഉല്‍പ്പാദനം നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ അത് നന്നായി മനസ്സിലാക്കിയതാണ്. വലിയ തുക കൊടുത്ത് വാങ്ങുന്ന ഒരു വസ്തുവിന്റെ വില്‍പ്പനാനന്തര സേവനം, സ്‌പെയര്‍സ്പാര്‍ട്‌സ് ലഭ്യത എന്നിവ ആളുകള്‍ പരിഗണിക്കുന്നത് സ്വാഭാവികം. മാരുതി പോലെ രാജ്യത്ത് നിലനില്‍ക്കുന്ന, ഏത് കാര്‍ വര്‍ക്ക് ഷോപ്പിലും സര്‍വീസ് ലഭിക്കുന്ന വാഹനത്തോട് ജനങ്ങള്‍ അകല്‍ച്ച കാണിച്ചുവെങ്കില്‍ ഫോര്‍ഡിന്റെ കാര്യത്തിലും അത് പ്രതീക്ഷിക്കാം,'' കൊച്ചിയിലെ ഒരു പ്രമുഖ യൂസ്ഡ് കാര്‍ ഷോറൂം മാനേജര്‍ പറയുന്നു.