ട്രാഫിക്ക് കുരുക്കൊഴിവാക്കാം, വീടിനുമുകളില്‍ പാര്‍ക്ക് ചെയ്യാം, വരുന്നു; കാഡിലാക് പറക്കും കാര്‍!

ജനറല്‍ മോട്ടോഴ്‌സ് ഫ്‌ളൈയിംഗ് കാഡിലാക് കണ്‍സെപ്റ്റ് മോഡല്‍ പുറത്തുവിട്ടു

Update: 2021-01-14 07:54 GMT

സ്വന്തം വീടിന്റെ റൂഫില്‍ നിന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത്, ട്രാഫിക് കുരുക്കിലൊന്നും പെടാതെ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന കാര്യം ഒന്നു ചിന്തിച്ചുനോക്കൂ. അമേരിക്കന്‍ കാര്‍ വമ്പനായ ജനറല്‍ മോട്ടോഴ്‌സ് അധികം വൈകാതെ ഇതിനുള്ള അവസരം നല്‍കും. ഓട്ടണോമസ് ഫ്‌ളൈയിംഗ് ടാക്‌സി വിഭാഗത്തിലുള്ള ഫ്‌ളൈയിംഗ് കാഡിലാക് മോഡലിന്റെ കണ്‍സെപ്റ്റ് കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

കാറില്‍ ഓട്ടോമാറ്റിക് പൈലറ്റ് സംവിധാനമുള്ളതിനാല്‍ യാത്രക്കാരന് യാത്രവേളയില്‍ മറ്റേതെങ്കിലും കാര്യങ്ങളില്‍ മുഴുകുകയും ചെയ്യാം. ഒരു ഡ്രോണിന് സമാനമായ കാറില്‍ ഒരാള്‍ക്കുമാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. കെട്ടിടങ്ങളുടെ മേല്‍ക്കൂര ഹെലിപോര്‍ട്ടായി ഉപയോഗിക്കാന്‍ പറ്റുന്ന കാറിനെ നിര്‍മാതാക്കള്‍ VTOLA (Vertical Take-off and Landing) എന്നാണ് വിളിക്കുന്നത്.

എന്ന് ഈ കാര്‍ വിപണിയിലെത്തുമെന്നതിനെ കുറിച്ച് കമ്പനി കൃത്യമായ വിവരം നല്‍കിയിട്ടില്ലെങ്കിലും കണ്‍സെപ്റ്റ് പുറത്തുവിട്ടപ്പോള്‍ അധികം വൈകാതെ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. ഒരു പക്ഷേ ഈ വര്‍ഷാവസാനത്തോടെയോ അടുത്തവര്‍ഷമോ പറക്കും കാഡിലാക് വന്നേക്കും.


Tags:    

Similar News