ടാറ്റയുടെ കുഞ്ഞന്‍ എസ്‌യുവി, എന്തുകൊണ്ട് ഹിറ്റാവും
എസ്‌യുവി വിഭാഗത്തിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ടാറ്റ അവതരിപ്പിച്ച മൈക്രോ എസ്‌യുവിയെ പരിചയപ്പെടാം
2039 ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ വിപണിയായി മാറാന്‍ പോകുകയാണ് നമ്മുടെ സ്വന്തം ഇന്ത്യ. ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് എസ്‌യുവി സെഗ്്‌മെന്റാണ്. എസ്‌യുവികളില്‍ തന്നെ ഏറെ പ്രചാരത്തിലുണ്ടാകാന്‍ പോകുന്ന വിഭാഗമാണ് ചെറിയ എസ്‌യുവികള്‍. ഹാച്ച്ബാക്കിന്റെ അത്ര തന്നെ വിപണി സാന്നിധ്യമുണ്ടാകുമെന്നാണ് പ്രവചനം. ഈ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട വാഹന നിര്‍മാതാക്കളായ ടാറ്റയുടെ അവതാരമാണ് 'പഞ്ച്'. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ടാറ്റ പഞ്ച് വിപണിയില്‍ അവതരിപ്പിച്ചത്. 5.49 ലക്ഷം രൂപ മുതല്‍ 8.49 ലക്ഷം രൂപ വരെ വില വരുന്ന ടാറ്റ പഞ്ചിനെ പരിചയപ്പെടാം. 2020 ഓട്ടോ എക്‌സ്‌പോയില്‍ എച്ച്ബിഎക്‌സ് എന്ന പേരില്‍ അവതരിപ്പിച്ചിരുന്ന കോണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ച് നിര്‍മിച്ചിരിക്കുന്നത്. ടാറ്റയുടെ വ്യത്യസ്ത ഡിസൈനോടുകൂടി വന്നിരിക്കുന്ന പഞ്ചിന് ടാറ്റ കാറുകളുടെ ഡിസൈന്‍ സ്വഭാവം നിലനിര്‍ത്തിയിട്ടുണ്ട്. പുഞ്ചിരിക്കുന്ന ഭാവമുള്ള ഹ്യുമാനിറ്റി ലൈനോടുകൂടിയ മുന്‍വശത്തിന് എസ്‌യുവിയുടെ ഗാംഭീര്യം ലഭിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നത്. ഇരുവശങ്ങളിലും എസ്‌യുവിയുടെ പേശിനിര്‍ഭരമായിട്ടുള്ള ഭാവമാണ് നല്‍കിയിട്ടുള്ളത്. പിന്‍വശത്ത് ആകര്‍ഷണീയവും എന്നാല്‍ ലളിതവുമായിട്ടുള്ള ഡിസൈനാണ് ഉള്ളത്. 16 ഇഞ്ചുള്ള അലോയ് വീലുകളും 15 ഇഞ്ചുള്ള സ്റ്റീല്‍ റിമ്മുകളും പഞ്ചിനായി ടാറ്റ നല്‍കിയിട്ടുണ്ട്. നാല് വ്യത്യസ്ത ട്രിമ്മുകളില്‍ ടാറ്റ പഞ്ച് ലഭ്യമാണ്. ആകര്‍ഷണീയമായ ഏഴ് വ്യത്യസ്ത നിറങ്ങളില്‍ ടാറ്റ പഞ്ച് നമുക്ക് തെരഞ്ഞെടുക്കാവുന്നതുമാണ്.