'ദേശി ബിഗ് ഡാഡി' വീണ്ടും: മഹീന്ദ്ര സ്‌കോര്‍പ്പിയോ എന്‍ പുത്തന്‍ പതിപ്പിന്റെ വിശേഷങ്ങള്‍

മഹീന്ദ്രയുടെ എക്കാലത്തെയും സിഗ്‌നേച്ചര്‍ മോഡലായ സ്‌കോര്‍പ്പിയോയെ പുത്തനെടുപ്പോടെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര

Update:2022-07-24 10:30 IST

ഇന്ത്യയുടെ പ്രിയപ്പെട്ട ദേശി കാര്‍ ബ്രാന്‍ഡാണല്ലോ മഹീന്ദ്ര (Mahindra). താറിലൂടെയും പുതിയ തഡഢ700 ലൂടെയും ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസ് കവര്‍ന്നിരിക്കുകയാണ് മഹീന്ദ്ര എന്ന എസ്യുവി നിര്‍മാതാക്കള്‍. എന്നാല്‍ മഹീന്ദ്രയുടെ ഏറ്റവും വലിയ വിജയമായിട്ടുള്ള മോഡല്‍ ഇവ രണ്ടും അല്ല. മറിച്ച്, 20 വര്‍ഷം മുമ്പ് ഇന്ത്യയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള സ്‌കോര്‍പ്പിയോ എസ്യുവിയാണ്. രണ്ട് ദശാബ്ദത്തിന് ശേഷം മഹീന്ദ്ര സ്‌കോര്‍പ്പിയോ പുതുക്കി പണിഞ്ഞിരിക്കുകയാണിപ്പോള്‍. ഈപുതിയ സ്‌കോര്‍പ്പിയോയുടെ പേരില്‍ ഒരു ചെറിയ വാലും കൂടി വന്നിരിക്കുകയാണ്, 'സ്‌കോര്‍പ്പിയോ- എന്‍' (Mahindra Scorpio-N). പുത്തന്‍ സ്‌കോര്‍പ്പിയോയെ നമുക്ക് പരിചയപ്പെടാം.

മുമ്പുണ്ടായിരുന്ന സ്‌കോര്‍പ്പിയോയുടെ ചില ഭാവങ്ങളും പേരും മാത്രം നിലനിര്‍ത്തിയിട്ടാണ് സ്‌കോര്‍പ്പിയോ-എന്‍ വന്നിരിക്കുന്നത്. ഈ പുതിയ സ്‌കോര്‍പ്പിയോ (Scorpio) ഇപ്പോഴും ബോഡി ഓണ്‍ ഫ്രേം എന്ന രൂപത്തില്‍ തന്നെയാണ് വരുന്നത്. പുതിയ ഡിസൈന്‍ ആകര്‍ഷണീയമാണ്. മഹീന്ദ്രയുടെ പുതിയ ഗ്രില്ലും പുതിയ ലൈറ്റും ഡേ ടൈം റണ്ണിംഗ് ലൈറ്റും ഫോഗ് ലാമ്പും കരുത്തുറ്റ ബമ്പറും എല്ലാം കൂടിച്ചേരുമ്പോള്‍ പുതിയ സ്‌കോര്‍പ്പിയോ-എന്‍ വമ്പനായിട്ടുണ്ട്. വശങ്ങളില്‍ ബോക്സി ആയിട്ടുള്ള രൂപം സ്‌കോര്‍പ്പിയോയുടെ മുഖമുദ്രയാണ്. പിന്‍വശത്തില്‍ ചില പ്രീമിയം കാറുകളിലുള്ള തരത്തില്‍ കുത്തനെയുള്ള ടെയ്ല്‍ ലൈറ്റും വശത്തിലേക്ക് തുറക്കുന്ന ഡോറും നിലനിര്‍ത്തിയിട്ടുണ്ട്.
പുതുമയോടെ ഇന്റീരിയര്‍
പുതിയ സ്‌കോര്‍പ്പിയോ എന്നിന്റെ ഇന്റീരിയറും അടിമുടി മാറിയിട്ടുണ്ട്. സ്ഥലസൗകര്യവും ഫീച്ചറുകളും സാങ്കേതികതകളും കൂട്ടിയിണക്കിയിട്ടാണ് ഉള്‍വശം അണിയിച്ചൊരുക്കിയിട്ടുള്ളത്. മനോഹരമായ ഡിസൈനും അതിന്റെ പ്രായോഗികതകളുമാണ് എന്നെ ആകര്‍ഷിച്ചത്. ബ്രൗണ്‍, കറുപ്പ്, അലൂമിനിയം, എന്നീ നിറങ്ങളില്‍ കൂട്ടിയിണക്കിയിട്ടുള്ള ഇന്റീരിയറിന്റെ ഗുണനിലവാരവും പഴയ മഹീന്ദ്രയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ ഉയര്‍ന്നിട്ടുണ്ട്. ടച്ച് സ്‌ക്രീനോടു കൂടിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. അതിന്റെ ഫീച്ചറുകളുടെ ലിസ്റ്റ് എഴുതാന്‍ മാത്രമുള്ള സ്ഥലം ഇല്ലാത്തതു കൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല.
ആറും ഏഴും സീറ്റുകളോടു കൂടിയാണ് പുതിയ സ്‌കോര്‍പ്പിയോ വരുന്നത്. ഇതില്‍ ആറ് സീറ്റ് മോഡലിന് രണ്ടാം വരിയില്‍ ക്യാപ്റ്റന്‍ സീറ്റാണ് വരുന്നത്. പിന്നിലെ മൂന്നാം വരി സീറ്റില്‍ കുട്ടികള്‍ക്കായിരിക്കും ഉത്തമം. വലിയ ആളുകള്‍ക്ക് ചെറിയ ദൂരം സഞ്ചരിക്കുന്നതിന് കുഴപ്പമില്ല. ഡ്രൈവര്‍ സീറ്റ് ഇലക്ട്രിക്കലായി ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്. അതില്‍ ഇരിക്കുമ്പോഴുള്ള അനുഭവമാണ് ഒരു എസ്യുവി പ്രേമിയെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം.
70 ല്‍ അധികം ആപ്പുകള്‍ കണക്റ്റ് ചെയ്യാവുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനെ മഹീന്ദ്ര വിളിക്കുന്നത് അട്രിനോക്സ് എന്നാണ്. 'വാട്ട്3വേര്‍ഡ്' അലക്സയുമായി ചേര്‍ത്തിട്ടുള്ള ആദ്യ എസ്യുവി എന്ന ഖ്യാതി പുതിയ സ്‌കോര്‍പ്പിയോയ്ക്കാണ് എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഡ്യുവല്‍ എസി, സോണിയുടെ 12 സ്പീക്കര്‍ ഓഡിയോസിസ്റ്റം എന്നിവയും വിലമതിപ്പിക്കുന്നതാണ്.
കരുത്തില്‍ കുറവില്ല
രണ്ട് വ്യത്യസ്ത എഞ്ചിനുകളാണ് പുതിയ സ്‌കോര്‍പ്പിയോ-എന്നിലെ ഹൃദയങ്ങളായിട്ട് വരുന്നത്. ഒന്ന്, പെട്രോള്‍ എഞ്ചിനും മറ്റേത് ഡീസലും. എം സ്റ്റാലിയന്‍ എന്ന പെട്രോള്‍ എഞ്ചിന് 200 പിഎസ് കരുത്തും 380 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാം. എം ഹോക്ക് എന്ന ഡീസല്‍ എഞ്ചിന് 175 പിഎസ് കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാം. 6 സ്പീഡ് മാന്വലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭ്യമാണ്. പൂര്‍ണമായ 4 വീല്‍ ഡ്രൈവും പുതിയ സ്‌കോര്‍പ്പിയോ-എന്നില്‍ ലഭ്യമാണ്.
പൂര്‍ണമായും പുതിയ സസ്പെന്‍ഷന്‍ സിസ്റ്റമാണ് പുതിയ സ്‌കോര്‍പ്പിയോ-എന്നില്‍ നല്‍കിയിട്ടുള്ളത്. ബോഡി ഓണ്‍ ഫ്രേം വണ്ടിയാണെങ്കിലും യാത്രാ സുഖത്തിന്റെ കാര്യത്തില്‍ ഏറെ മികച്ച അനുഭവമാണ് എനിക്കുണ്ടായത്. ബോഡി റോള്‍ ഏറ്റവും കുറച്ച് മാത്രമാണ് അനുഭവപ്പെടുന്നത്. അതായത്, പൂര്‍ണമായും ഇല്ലെന്നല്ല, ബോഡി ഓണ്‍ ഫ്രേം വണ്ടികളില്‍ കുറഞ്ഞതാണ്. ഓഫ്‌റോഡ് ചെയ്യുമ്പോള്‍ മികച്ച ധൈര്യം തരുന്നതാണ് ഈ സസ്പെന്‍ഷന്‍. താറും തഡഢ700 ഉം കൂട്ടിയിണക്കിയ തരത്തിലാണ് ഓഫ് റോഡിന്റെ അനുഭവം. ഒറ്റവാക്കില്‍ പറയാം, ഇലക്ട്രോണിക്കായി 4ഃ4 പ്രവര്‍ത്തിപ്പിച്ച് താറിനെ പോലുള്ള കഠിനമായ ഓഫ് റോഡ് ചെയ്യാന്‍ ഇതില്‍ സാധിക്കുന്നുണ്ട്.
6 എയര്‍ ബാഗ് ഉള്‍പ്പെടെ ഒരുപാട് സുരക്ഷാ കവചങ്ങളുള്ള പുതിയ സ്‌കോര്‍പ്പിയോ എന്നിന്റെ ലോഞ്ച് വില വരുന്നത് 11.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയാണ്. ഇത് ആദ്യ 25,000 ബുക്കിംഗിന് മാത്രമാണ് ബാധകമാവുക. പിന്നീട് ചെറിയ വിലക്കയറ്റം പ്രതീക്ഷിക്കാം.


Tags:    

Similar News