എംജി ആസ്റ്ററിനെ ഹാനി മുസ്തഫ പരിചയപ്പെടുത്തുന്നു

കൂട്ടുകാരോടെന്ന പോലെ സംസാരിക്കാം, സുരക്ഷയ്ക്കും അതീവ പ്രാധാന്യം. എഐ കരുത്തുള്ള എംജി ആസ്റ്ററിനെ പരിചയപ്പെടാം;

Update:2021-12-05 16:00 IST

വാഹനലോകത്ത് ഇന്ന് ചൂടന്‍ താരമാണ് എസ് യു വി. ഇന്ത്യയിലും ഈ പ്രവണതയ്ക്ക് മാറ്റമൊന്നുമില്ല. അതുകൊണ്ട് തന്നെ എല്ലാ കാര്‍ നിര്‍മാതാക്കളും പുതിയ എസ് യു വികള്‍ കൊണ്ടുവരുന്ന തിരക്കിലാണ്. എംജി മോട്ടോഴ്സ് ഇന്ത്യയാണ് ഈ വിഭാഗത്തില്‍ പുതിയ ഒരു മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്; എംജി ആസ്റ്റര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തോടെ വിപണനം ആരംഭിച്ച എംജി ആസ്റ്ററിനെ പരിചയപ്പെടാം.

ഇന്റര്‍നെറ്റ് ഇന്‍സൈഡ് എന്ന ടാഗ് ലൈനോട് കൂടി ഇന്ത്യയില്‍ പ്രവേശിച്ച് എംജിയുടെ പുതിയ മുദ്രാവാക്യം എംഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഇന്‍സൈഡ് എന്നാണ്. ഇതിന് കാരണം, പുതിയ ആസ്റ്ററിന്റെ ഉള്ളില്‍ ഡാഷ്ബോര്‍ഡിലുള്ള അലക്സ പോലുള്ള വോയ്സ് കണ്‍ട്രോളാണ്. ഇതില്‍ നമുക്ക് വ്യത്യസ്തയിനം ക്രമീകരണങ്ങള്‍ ശബ്ദത്തിലൂടെ കണ്‍ട്രോണ്‍ ചെയ്യാന്‍ സാധിക്കും. കാറിനോട്, ഒരു സുഹൃത്തിനെ പോലെ സംസാരിച്ച് പോകാം.

ഇതിന് പുറമെ ലെവല്‍ 2 തലത്തിലുള്ള ഓട്ടണോമസ് ഫീച്ചറുകളും പുതിയ ആസ്റ്ററിലുണ്ട്. ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ക്രൂസ് കണ്‍ട്രോള്‍, റോഡ് ലൈന്‍ നിലനിര്‍ത്തുന്ന ലൈന്‍ കീപ്പിംഗ്, റിവേഴ്സ് ബ്രേക്കിംഗ് എന്നീ സംവിധാനങ്ങളും പുതിയ ആസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഇത്തരം സാങ്കേതിക സംവിധാനങ്ങളുള്ള ആദ്യ വാഹനമാണ് എംജി ആസ്റ്റര്‍. കാമറകളും റഡാറുകളും ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

എംജി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ള ഇലക്ട്രിക് വാഹനമായ സെഡ്എസ് - ഇവി എന്ന മോഡലിന്റെ വിദേശ വിപണിയിലെ ഫേസ്്ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ ആസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ സെഡ് എസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ആസ്റ്റര്‍ ഉള്ളത്. വീതി കൂടിയ പുതിയ ഗ്രില്ലും ഹെഡ്ലൈറ്റും മുന്‍വശത്തെ ആകര്‍ഷണീയമാക്കുന്നുണ്ട്. വശങ്ങള്‍ തികച്ചും സെഡ് എസിന്റെ പോലെ തന്നെയാണുള്ളത്. പിന്‍വശത്തും പുതിയ ടെയ്ല്‍ ലൈറ്റും 17 ഇഞ്ച് അലോയി വീലും 16 ഇഞ്ച് അലോയി വീലുമാണ് ആസ്റ്ററില്‍ വരുന്നത്.

മറ്റു എംജി കാറുകളില്‍ നിന്നും വ്യത്യസ്തമായതും സെഡ് - എസ്സിനോട് സമാനമായതുമായ ഉള്‍വശമാണ് ആസ്റ്ററില്‍ എംജി നല്‍കിയിരിക്കുന്നത്. 10.1 ഇഞ്ച് (25.7 സെ.മീ) വലിപ്പമുള്ള വലിയ ടച്ച് സ്‌ക്രീനാണ് ഇന്‍ഫോടെയ്ന്‍മെന്റിനായി ഉപയോഗിക്കുന്നത്. ഇതില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും കണക്റ്റ് ചെയ്യാന്‍ സാധിക്കും. ആറ് സ്പീക്കറോട് കൂടിയിട്ടുള്ള സൗണ്ട് സിസ്റ്റമാണ് ഇതിലുള്ളത്. ഇതിന് പുറമേ മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീലും ആസ്റ്ററില്‍ വരുന്നുണ്ട്. നാല് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന സ്ഥലസൗകര്യമുള്ള ഉള്‍വശമാണ് ആസ്റ്ററിന്റേത്. ഇതില്‍ ടോപ് എന്‍ഡ് മോഡലില്‍ ബര്‍ഗണ്ടി നിറത്തില്‍ ഉള്ള അപ്ഹോള്‍സ്റ്ററിയാണ് നല്‍കിയിരിക്കുന്നത്.

രണ്ട് വ്യത്യസ്ത എന്‍ജിനുകളും മൂന്ന് ഗിയര്‍ ബോക്സുമാണ് ഈ പുതിയ എംജിഎസ് എസ് യു വിയില്‍ വരുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 എന്‍ജിന് 110 പിഎസ് കരുത്തും 144 എന്‍എം ടോര്‍ക്കും ലഭിക്കും. ഈ എന്‍ജിനോട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സും സിവിടി ഗിയര്‍ ബോക്സും ഘടിപ്പിച്ച് വരുന്നുണ്ട്. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 140 പി എസ് കരുത്തും 220 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നതാണ്. നാല് ഡിസ്‌ക് ബ്രേക്ക് സ്റ്റാര്‍ഡേര്‍ഡായി ലഭിക്കും.

മുന്നിലെ MacPherson Strut ഉം പിന്നിലെ Torsion Beam സ്പെന്‍ഷനും നല്ല യാത്രാസുഖമാണ് നല്‍കുന്നത്. സ്റ്റിയറിംഗും ഡ്രൈവിംഗ് ആസ്വാദനത്തിന് അനുയോജ്യമായിട്ടാണ് നല്‍കിയിരിക്കുന്നത്. 6 എയര്‍ബാഗ്, ഇഎസ്പി, എബിഎസ്, ഇബിഡി എന്നീ സുരക്ഷാകവചങ്ങളും ലെവല്‍ 2 നിലവാരത്തിലുള്ള ഓട്ടോണോമസ് ഫീച്ചറുകളും സുരക്ഷയ്ക്ക് തുണ ഏറ്റുന്നതാണ്. 9.78 ലക്ഷം രൂപ മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് കേരളത്തില്‍ ആസ്റ്ററിന്റെ വില വരുന്നത്.


Tags:    

Similar News