മൊഞ്ച് കൂട്ടി ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക്, ഒപ്പം സുരക്ഷയും: ഹാനി മുസ്തഫ എഴുതുന്നു
മാരുതി ബലേനൊയുടെ പുത്തന്‍ മോഡലിലിലെ മാറ്റങ്ങളും പ്രത്യേകതകളും
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂണിറ്റ് വിറ്റഴിക്കപ്പെട്ട കാറാണ് മാരുതി ബലേനൊ. മാരുതി തങ്ങളുടെ നെക്‌സ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കുന്ന ബലേനൊയുടെ ഏറ്റവും പുതിയ 2022 മോഡല്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഈ പുത്തന്‍ പ്രീമിയം ഹാച്ച്ബാക്കാണ് ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത്.
ഹാച്ച്ബാക്ക് രൂപത്തില്‍ മാരുതി
യുടെ രണ്ടാം തലമുറ മോഡലാണ് ബലേനൊയിലൂടെ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ടൊയോട്ട ഗ്ലാന്‍സ ആയിട്ടും വിദേശത്ത് ടൊയോട്ട സ്റ്റാര്‍ലെറ്റ് ആയിട്ടും വരുന്നത് ഈ മോഡല്‍ തന്നെയാണ്. പുതിയ ബലേനൊയിലൂടെ മാരുതി അവതരിപ്പിച്ചിരിക്കുന്നത് മുമ്പെങ്ങും മാരുതി കാറില്‍ കണാത്ത തരത്തിലുള്ള ഫീച്ചറുകള്‍ കുത്തി നിറച്ചിട്ടാണ്. ഇതു തന്നെയാണ് മാരുതി ഈ മോഡലിലൂടെ വില്‍ക്കാനും ഉദ്ദേശിച്ചിട്ടുള്ളത്.
മൊഞ്ച് കൂടിയോ?
ഡിസൈന്‍ നോക്കുകയാണെങ്കില്‍ മുമ്പുള്ളതില്‍ നിന്ന് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം. സൂക്ഷിച്ചുനോക്കിയാല്‍ അറിയാം, മൊത്തത്തിലുള്ള രൂപം മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളതെന്ന്. മുന്‍പിന്‍ വശങ്ങളില്‍ നല്ലകുറേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
പുതിയ ഗ്രില്ലും അതിന് അനുയോജ്യമായ തരത്തില്‍ പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റും മാറ്റിയിരിക്കുന്ന പുതിയ ബമ്പറും പഴയതിനേക്കാള്‍ ആകര്‍ഷണീയമാക്കുന്നുണ്ട്. പിന്‍വശത്തിലും പുതിയ ടെയില്‍ ലൈറ്റും പുതുക്കിയ ബമ്പറുമാണ് കൊടുത്തിരിക്കുന്നത്.
വശങ്ങളില്‍ പുതിയ ക്രോം ബീഡിംഗും ഷോള്‍ഡര്‍ ലൈനുകളും 16 ഇഞ്ച് വീലുകളുമാണ് വരുന്നത്. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ബലേനൊ പ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ഹാച്ച്ബാക്ക് ആയി മാറിയിട്ടുണ്ട്.
അകത്തെന്തുണ്ട്?
പുറമെ കണ്ടപോലെ അല്ല, ഉള്‍വശത്തില്‍ കാര്യമായ മാറ്റങ്ങളാണ് പുതിയ ബലേനൊയില്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, അതില്‍ 9 ഇഞ്ചിന്റെ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനും പുതിയ ഗ്രാഫിക്കും ഇന്റര്‍ഫെയ്‌സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപരി എന്നെ ആകര്‍ഷിച്ചത് മാരുതി കാറുകളില്‍ ആദ്യമായി വന്നിട്ടുള്ള 'ഹെഡ്-അപ്പ് ഡിസ്‌പ്ലേ' (HUD) ആണ്. വ്യത്യസ്ത മോഡുകളിലായി സെറ്റ് ചെയ്യാവുന്ന HUD ഈ വിഭാഗത്തിലെ മറ്റ് എതിരാളികളെ നാണിപ്പിക്കും. മുമ്പുള്ളതിനേക്കാള്‍ നിര്‍മ്മാണ ഗുണനിലവാരവും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ക്വാളിറ്റിയും മെച്ചപ്പെട്ടിട്ടുണ്ട്.
സുഖപ്രദമായി യാത്രചെയ്യാവുന്ന തരത്തിലാണ് സീറ്റുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. സസ്‌പെന്‍ഷന്റെ ട്യൂണും അത്തരത്തിലാണ്. ഈ പുതിയ ബലേനൊയുടെ മറ്റൊരു ആകര്‍ഷണീയത സുരക്ഷിതത്വത്തിന്റെ കാര്യത്തിലാണ്. ആറ് എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡായി എല്ലാ ശ്രേണിയിലും നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നിര്‍മ്മാണത്തിലും കെട്ടുറപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.
എഞ്ചിനും പുതുക്കി
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്. 89 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എഞ്ചിനുമായി രണ്ട് തരത്തിലുള്ള ഗിയര്‍ബോക്‌സുകളാണ് ഘടിപ്പിച്ചിരിക്കുന്നത്- 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും പുതുക്കിയ എഎംടി ഗിയര്‍ബോക്‌സും. ഇന്ധനക്ഷമതയാണ് എഞ്ചിന്റെ മുഖ്യ ആകര്‍ഷണമായി അവകാശപ്പെടാവുന്നത്. 21 കിലോമീറ്റര്‍ പറയുന്നുണ്ടെങ്കിലും നമ്മുടെ ടെസ്റ്റ് ഡ്രൈവില്‍ 17.5 കിലോമീറ്റര്‍ വരെ മൈലേജ് ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ബലേനൊയുടെ വില 7.32 ലക്ഷം രൂപ മുതല്‍ 10.87 ലക്ഷം രൂപ വരെയാണ്.