ഉല്‍പ്പാദനശേഷി അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കും, പുതിയ നീക്കങ്ങളുമായി ഹീറോ ഇലക്ട്രിക്
2022 മാര്‍ച്ചോടെ പ്രതിവര്‍ഷ ഉല്‍പ്പാദനം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്
രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് മുന്‍നിരയിലുള്ള ഹീറോ ഇലക്ട്രിക് പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. ഉല്‍പ്പാദനം 2022 മാര്‍ച്ചോടെ അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റാണ് ഹീറോ ഇലക്ട്രിക്കിന്റെ ലുധിയാനയിലെ നിര്‍മാണ പ്ലാന്റിന്റെ ശേഷി. ഇത് 2022 മാര്‍ച്ചോടെ അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് അഞ്ച് ലക്ഷം യൂണിറ്റാക്കി ഉയര്‍ത്തും.
നേരത്തെ, ഡിമാന്റ് വര്‍ധിച്ചതോടെ ഹീറോ ഇലക്ട്രിക് തങ്ങളുടെ ഉല്‍പ്പാദനം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഹീറോ ഇലക്ട്രിക്കിനെ നിര്‍ബന്ധിതരാക്കി.
എല്ല വര്‍ഷവും ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ച് 2026 ഓടെ 50 ലക്ഷത്തിലധികം യൂണിറ്റ് ഉല്‍പ്പാദന ശേഷി കൈവരിക്കാന്‍ ലക്ഷ്യമിടുകയാണെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഹിറോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
2021 ന്റെ ആദ്യ പകുതിയില്‍ 15,000 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 3,270 ഇ-സ്‌കൂട്ടറുകളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. ജൂലൈയില്‍ മാത്രം 4,500 ലധികം ഇ-സ്‌കൂട്ടറുകളാണ് വിറ്റത്. 2020-ല്‍ ഇതേ മാസത്തില്‍ വിറ്റ 399 യൂണിറ്റുകളുടെ പത്തിരട്ടി വര്‍ധനവ്.
ഫെയിം-2 പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സബ്‌സിഡികള്‍ കേന്ദ്രം ലഭ്യമാക്കിയതാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഉയരാന്‍ കാരണം. നേരത്തെ ഒരു കിലോവാട്ടിന് 10,000 രൂപയായിരുന്ന സബ്‌സിഡി 15,000 രൂപയായി കേന്ദ്രം ഉയര്‍ത്തിയിരുന്നു. ഇതിന് പുമെ പല സംസ്ഥാനങ്ങളും ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവരുടെ സംസ്ഥാന ഇവി പോളിസികളുടെ ഭാഗമായി ഉദാരമായ പ്രോത്സാഹനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹീറോ ഇലക്ട്രിക്കിന്റെ മിഡ്-സ്പീഡ് സ്‌കൂട്ടര്‍ ശ്രേണിക്ക് ഇപ്പോള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും 40,000 രൂപയില്‍ താഴെയാണ്.