രാജ്യത്ത് വില വര്‍ധനവുമായി ഇരുചക്ര വാഹന നിര്‍മാതാവ്
ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൂന്നാമത്തെ വില വര്‍ധനവാണിത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് (Hero MotoCorp) വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന ഇന്‍പുട്ട് ചെലവ് നികത്തുന്നതിന് തങ്ങളുടെ വാഹനങ്ങളുടെ വില 1,000 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൂന്നാമത്തെ വില വര്‍ധനവാണിത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. നേരത്തെ, ഏപ്രില്‍ 5 മുതല്‍ 2,000 രൂപയുടെയും ജൂലൈ 1 മുതല്‍ 3000 രൂപയുടെയും വില വര്‍ധനവ് കമ്പനി നടപ്പാക്കിയിരുന്നു.
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ നിര്‍ണായക വില്‍പ്പന കാലമായ ദീപാവലി സീസണിന്റെ തുടക്കത്തിലാണ് ഈ വില വര്‍ധന.
വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ അവരുടെ മാര്‍ജിന്‍ കുറയുന്നത് കണ്ടു. ഒരു പ്രധാന ഇന്‍പുട്ടായ സ്റ്റീലിന്റെ വില കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയും ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് വര്‍ധിക്കുകയും ചെയ്തു. ഈ വര്‍ധനവ് വിലക്കയറ്റത്തിന്റെ ആഘാതം ഭാഗികമായി നികത്തുമെന്ന് ഹീറോ പ്രസ്താവനയില്‍ പറഞ്ഞു.
2020 ഏപ്രില്‍ മുതല്‍ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതോടെ വാഹനങ്ങളുടെ വില 20 ശതമാനം വരെ ഉയരാന്‍ കാരണമായിട്ടുണ്ട്.