ഹീറോയുടെ പ്ലാന്റുകള്‍ മെയ് 16 വരെ അടഞ്ഞുകിടക്കും

പ്രതിവര്‍ഷം 90 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു

Update:2021-05-10 09:00 IST

രാജ്യത്തെ ഇരുചക്ര വാഹന നിര്‍മാണ രംഗത്തെ വമ്പന്മാരായ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്ലാന്റുകള്‍ മെയ് 16 വരെ അടഞ്ഞുകിടക്കും. രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നത് മെയ് 16 വരെ നീട്ടിയതായി ഹീറോ മോട്ടോ കോര്‍പ്പ് അറിയിച്ചു. പ്ലാന്റുകള്‍ക്ക് പുറമെ നീമ്രാനയിലെ ഗ്ലോബല്‍ പാര്‍ട്സ് സെന്റര്‍ (ജിപിസി), ജയ്പൂരിലെ ആര്‍ ആന്‍ഡ് ഡി ഫെസിലിറ്റി - സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (സിഐടി) എന്നിവയും അടച്ചുപൂട്ടും.

പ്രതിവര്‍ഷം 90 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള ഹരിയാനയിലെ ധരുഹേര, ഗുരുഗ്രാം, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, രാജസ്ഥാനിലെ നീമ്രാന, ഗുജറാത്തിലെ ഹാലോള്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
'കമ്പനി തുടര്‍ച്ചയായി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, സാഹചര്യം മെച്ചപ്പെടുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും വേഗത്തില്‍ പുനരാരംഭിക്കാനും പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ബിസിനസ് തുടര്‍ച്ച പദ്ധതികള്‍ തയാറാണ്' ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു. പ്ലാന്റുകളിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണെന്നും കോവിഡ് വ്യാപനം കുറയ്ക്കുന്നതിനാണെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ കമ്പനിയുടെ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം മോഡിലാണ് പ്രവര്‍ത്തിക്കുന്നത്.


Tags:    

Similar News