അംബാസഡറിന് പിന്നാലെ കോണ്ടസ ബ്രാന്‍ഡിനെയും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് വില്‍ക്കുന്നു
2017ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസഡര്‍ ബ്രാന്‍ഡിനെ് 80 കോടി രൂപയ്ക്ക് വിറ്റിരുന്നു
സികെ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് (HM) പ്രസിദ്ധമായ കോണ്ടസ (Contessa) ബ്രാന്‍ഡ് വില്‍ക്കുന്നു. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്‌ജി കോര്‍പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആണ് കോണ്ടസയെ സ്വന്തമാക്കുന്നത്. കോണ്ടസ ബ്രാന്‍ഡിന്റെ കൈമാറ്റം സംബന്ധിച്ച് ഇരുകമ്പനികളും കരാറിലെത്തി.
വോക്‌സ്ഹാള്‍ വിഎക്‌സ് സീരീസിനെ (Vauxhall) അടിസ്ഥാനമാക്കി 1984ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പുറത്തിറക്കിയ ലക്ഷ്വറി കാറാണ് കോണ്ടസ. ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് 2002ല്‍ ആണ് കോണ്ടസ വില്‍പ്പന അവസാനിപ്പിച്ചത്. എത്ര രൂപയ്ക്കാണ് എസ്‌ജി കോര്‍പറേറ്റ് മൊബിലിറ്റി കോണ്ടസയെ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.
2017ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസഡര്‍ ബ്രാന്‍ഡിനെ ഫ്രഞ്ച് കമ്പനി പ്യൂഷോയ്ക്ക് 80 കോടി രൂപയ്ക്ക് വിറ്റിരുന്നു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്. ആദ്യ ഘട്ടത്തില്‍ ഇരുചക്ര വാഹനങ്ങളാവും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പുറത്തിറക്കുക. പ്യൂഷോയുമായി ചേര്‍ന്ന് ഇലക്ട്രിക് അംബാസഡര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.