ബാറ്ററി മാറ്റിവയ്ക്കാവുന്ന രണ്ട് പുതിയ ഇലക്ട്രിക് ടൂവീലറുകളുമായി ഹോണ്ട
കര്‍ണാടകയില്‍ പുതിയ നിര്‍മ്മാണശാല; 2030ഓടെ ലക്ഷ്യം 10 ലക്ഷം വാര്‍ഷിക ഉത്പാദനം
വൈദ്യുത വാഹനവിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നത് ലക്ഷ്യമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അടുത്ത സാമ്പത്തിക വര്‍ഷം (2023-24) പുതിയ രണ്ട് ടൂവീലറുകള്‍ പുറത്തിറക്കും. ബാറ്ററി മാറ്റിവയ്ക്കാം (ബാറ്ററി സ്വാപ്പിംഗ്) എന്നതാണ് ഇവയുടെ മുഖ്യ സവിശേഷത. ഇലക്ട്രിക് ടൂവീലറുകളുടെ ഉത്പാദനത്തിനായി കര്‍ണാടകയിലെ നര്‍സാപുരയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്ത്യ കാമ്പയിന്' പിന്തുണയുമായും ഉത്പാദനം പ്രാദേശികവത്കരിക്കുന്നതിന്റെ ഭാഗമായും ബാറ്ററി ഉള്‍പ്പെടെയുള്ള നിര്‍ണായകഘടകങ്ങള്‍ ഇന്ത്യയിലെ സ്വന്തം ഫാക്ടറിയില്‍ തന്നെ വികസിപ്പിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ അത്സുഷി ഒഗാത (Atsushi Ogata) പറഞ്ഞു. വാഹനത്തിന്റെ മോട്ടോറിന്റെ രൂപകല്‍പനയും നിര്‍മ്മാണവും ഇന്ത്യയില്‍ തന്നെ നടത്തും.
വാര്‍ഷിക ഉത്പാദനത്തില്‍ വലിയ ലക്ഷ്യം
2030ഓടെ പ്രതിവര്‍ഷം 10 ലക്ഷം വൈദ്യുത ടൂവീലറുകള്‍ നര്‍സാപുരയില്‍ നിന്ന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അത്സുഷി ഒഗാത പറഞ്ഞു. ബാറ്ററി സ്വാപ്പ് ചെയ്യാവുന്നതും അല്ലാത്തതുമായ മോഡലുകള്‍ക്കായി പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ രൂപകല്‍പന ചെയ്യും. ബാറ്ററി സ്വാപ്പിംഗിനും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും നിലവിലെ 6,000ഓളം വരുന്ന വിതരണശൃംഖല (ടച്ച് പോയിന്റുകള്‍) പ്രയോജനപ്പെടുത്തും.
കയറ്റുമതി കൂട്ടും
നിലവില്‍ ഇന്ത്യയില്‍ നിന്ന് ഹോണ്ട 18 വ്യത്യസ്ത മോഡലുകള്‍ 38 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2023-24ല്‍ കയറ്റുമതി 58 രാജ്യങ്ങളിലേക്കായി ഉയര്‍ത്താനും കമ്പനി ഉന്നമിടുന്നു.