നാഴികക്കല്ല് പിന്നിട്ട് ഹോണ്ട , കയറ്റുമതി 30 ലക്ഷം യൂണിറ്റ് കടന്നു

2001 ലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ അരങ്ങേറ്റ മോഡലായ ആക്ടിവയിലൂടെ കയറ്റുമതി ആരംഭിച്ചത്

Update: 2022-03-24 06:00 GMT

കയറ്റുമതിയില്‍ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). 21 വര്‍ഷത്തിനിടെ 30 ലക്ഷം യൂണിറ്റുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു. 2001 ലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ അരങ്ങേറ്റ മോഡലായ ആക്ടിവയിലൂടെ കയറ്റുമതി ആരംഭിച്ചത്. 2016-ല്‍ ആദ്യത്തെ 15 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതി നേട്ടം കൈവരിച്ച കമ്പനി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കി.

എച്ച്എംഎസ്‌ഐയുടെ സുസ്ഥിരമായ പരിശ്രമങ്ങളുടെ ഉജ്ജ്വലമായ സാക്ഷ്യമാണ് ഈ നാഴികക്കല്ലെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഗുജറാത്തിലെ വിത്തലാപൂര്‍ പ്ലാന്റില്‍ ആഗോള എന്‍ജിന്‍ ഉല്‍പ്പാദന ലൈന്‍ ആരംഭിച്ചത്. ഇതിലൂടെ കയറ്റുമതി ശേഷി കൂടുതല്‍ ശക്തമായതായും അദ്ദേഹം പറഞ്ഞു.

2021ല്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ പുതിയ വിദേശ ബിസിനസ് വിപൂലീകരിക്കുകയും യുഎസ്, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ വികസിത വിപണികളിലേക്ക് അതിന്റെ ആഗോള കയറ്റുമതി വികസിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ 29 രാജ്യങ്ങളിലേക്കാണ് സ്‌കൂട്ടറുകളും മോട്ടോര്‍സൈക്കിളുകളും കമ്പനി കയറ്റുമതി ചെയ്യുന്നത്. 18 ഇരുചക്ര വാഹന മോഡലുകള്‍ ഉള്‍പ്പെടുന്ന ഒരു പോര്‍ട്ട്ഫോളിയോ കമ്പനിക്കുണ്ട്.
Tags:    

Similar News