ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

Update:2019-09-13 16:56 IST

നിരത്തിലോടുന്ന വാഹനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇലക്ട്രിക് ആകുന്ന കാലം അതിവിദൂരമല്ല. അതിലേക്കുള്ള പ്രയാണത്തിലാണ് ലോകം മുഴുവന്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയില്‍ ഓടുന്ന രണ്ടു ലക്ഷം ഇരുചക്രവാഹനങ്ങളും അരലക്ഷം ഓട്ടോറിക്ഷകളും 3000 ബസുകളും നിരത്തിലിറക്കുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ വൈദ്യുതി വാഹനനയം പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വാഹനനിര്‍മാണ കമ്പനികള്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു.

ഈ സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

1. നിങ്ങളുടെ ആവശ്യം കണക്കിലെടുത്ത് വാങ്ങുക.

ദിവസവും നിങ്ങള്‍ക്ക് എത്ര കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ട്. ദിവസവും ഓഫീസില്‍ പോകണോ അതോ ചെറിയ ചെറിയ ഷോപ്പിംഗുകള്‍ക്ക് മാത്രമേ സ്‌കൂട്ടറിന്റെ ആവശ്യമുള്ളോ? ഇത് പരിഗണിച്ചു അതിന് അനുസരിച്ചുള്ള വാഹനം വേണം വാങ്ങാന്‍.

2. മൈലേജ് പരിശോധിക്കുക

നിങ്ങള്‍ക്ക് എത്ര ദുരം പോകേണ്ടതുണ്ടെന്ന് കണക്കാക്കി അത്രയും മൈലേജ് ലഭിക്കുന്ന വാഹനമാണ് വാങ്ങേണ്ടത്. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ എത്ര സമയം വേണമെന്നും ഒറ്റ ചാര്‍ജിംഗില്‍ എത്രദുരം സഞ്ചരിക്കാനാകുമെന്നും നോക്കുക.

3. ബാറ്ററി

ഒരു ഇലക്ട്രിക് വാഹനത്തിന്റെ എല്ലാമെല്ലാമാണ് ബാറ്ററി. വാട്ട്‌സ് എത്ര കൂടുതലാണോ അത്രയും കൂടുതല്‍ വേഗതയും ഭാരം വലിക്കാനുള്ള ശേഷിയും കയറ്റം കയറാനുള്ള ശേഷിയുമൊക്കെ കൂടും. ബാറ്ററിയുടെ ശേഷിയും അത് പോര്‍ട്ടബിള്‍ ആണോയെന്നും പരിശോധിക്കുക.

4. വേഗത

പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ മുതല്‍ 85 കിലോമീറ്റര്‍ വരെ തരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കൂടുതലായി വിപണിയിലുള്ളത്.

5. വിവിധ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുക

പുറമേ കാണുന്ന ഭംഗിയിലല്ല കാര്യം. ഓടിക്കാന്‍ വളരെ സൗകര്യപ്രദമായ ഒരു വാഹനമാണ് നിങ്ങള്‍ക്കുവേണ്ടത്. വിവിധ കമ്പനികളുടെ വാഹനങ്ങള്‍ ഓടിച്ചുനോക്കിയാല്‍ മാത്രമേ ഏതാണ് ഏറ്റവും മികച്ചതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാകൂ.

6. വാറന്റി

വിവിധ സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ബാറ്ററിക്ക് എത്രമാത്രം വാറന്റി കാലാവധി തരുന്നുണ്ടെന്ന് താരതമ്യം ചെയ്ത് വാങ്ങുക.

7. വില

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനായി നിങ്ങള്‍ ഒരു ബജറ്റ് തീരുമാനിച്ചിട്ടുണ്ടാകും. എന്നാല്‍ വിലയെക്കാള്‍ വാഹനത്തിന്റെ ദീര്‍ഘകാല ഉപയോഗത്തിന് പ്രാധാന്യം കൊടുത്ത് അതനുസരിച്ച് വാഹനം തെരഞ്ഞെടുക്കുക.

8. മറ്റ് ഉപഭോക്താക്കളോട് സംസാരിക്കുക

നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരോട് അതെക്കുറിച്ച് അഭിപ്രായം ആരായുക. നിങ്ങള്‍ അറിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളായിരിക്കും അവര്‍ക്ക് പറയാനുള്ളത്.

Similar News