ഹ്യുണ്ടായ് അല്‍കാസര്‍ അവതരിപ്പിച്ചു: വില 16.30 ലക്ഷം രൂപ, സവിശേഷതകളിങ്ങനെ

ദിവസങ്ങള്‍ക്കകം 4,000 ബുക്കിംഗുകളാണ് ഈ മോഡലിന് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു

Update:2021-06-19 08:56 IST

ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ നാള്‍ കാത്തിരുന്ന ഹ്യുണ്ടായിയുടെ സെവന്‍ സീറ്റര്‍ വാഹനമായ അല്‍കാസര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 16.30 ലക്ഷം രൂപ (എക്‌സ് ഷോറൂം) തൊട്ടുള്ള വിലയ്ക്ക് അല്‍കാസര്‍ ഇന്ത്യയില്‍ സ്വന്തമാക്കാനാകും. പെട്രോള്‍ പതിപ്പിന് 16.30 ലക്ഷവും ഡീസല്‍ പതിപ്പിന് 16.53 ലക്ഷവുമാണ് തുടക്കവില. മോഡല്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ആദ്യ സെവന്‍ സീറ്റര്‍ വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. ക്രെറ്റയെ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്ത അല്‍കാസര്‍ 6, 7 സീറ്റ് കോണ്‍ഫിഗറേഷനിലും ഇന്ത്യയില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ 4,000 പേരാണ് ഇന്ത്യയില്‍ ഈ മോഡല്‍ സ്വന്തമാക്കാനായി മുന്നോട്ടുവന്നിരിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പുകളില്‍ 50:50 അനുപാതത്തോടെ അല്‍കാസറിനായി 4,000 ബുക്കിംഗുകള്‍ സ്വീകരിച്ചതായി കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കി. ബുക്ക് ചെയ്ത മോഡലുകളില്‍ 60 ശതമാനവും 6 സീറ്റ് കോണ്‍ഫിഗറേഷനിലും 40 ശതമാനം 7 സീറ്റിനുമാണ്.
ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമായി അല്‍കസറിന്റെ ബാഹ്യഭാഗത്ത് സൂക്ഷ്മമായ ഡിസൈന്‍ മാറ്റങ്ങള്‍ ലഭിക്കുന്നു. പുതിയ ഗ്രില്‍, അപ്ഡേറ്റുചെയ്ത ഫ്രണ്ട് ബമ്പര്‍, റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ്, പുതിയ റാപ്‌റൗണ്ട് ടെയില്‍-ലൈറ്റുകള്‍, കുറച്ചുകൂടി നേരായ ടെയില്‍ഗേറ്റ്, ഫോക്‌സ് ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പുകള്‍, ക്രെറ്റയുടെ 17 ഇഞ്ചിനെ അപേക്ഷിച്ച് 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. കൂടാതെ 150 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസ് (2,760 മിമി) അല്‍കാസറിന്റെ ദൈര്‍ഘ്യം കൂട്ടുന്നു. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളില്‍ അല്‍കാസര്‍ എസ്യുവി ലഭ്യമാണ്. ടൈഗാ ബ്രൗണ്‍, ടൈഫൂണ്‍ സില്‍വര്‍, പോളാര്‍ വൈറ്റ്, ടൈറ്റന്‍ ഗ്രേ, ഫാന്റം ബ്ലാക്ക്, സ്റ്റാര്‍റി നൈറ്റ് എന്നീ ആറ് നിറങ്ങളിലും അല്‍കാസര്‍ പുറത്തിറങ്ങുന്നു. ഇവയില്‍ ഇതില്‍ രണ്ട് നിറങ്ങള്‍ (വെള്ളയും ഗ്രേയും) ഇരട്ട-ടോണ്‍ സ്‌കീമില്‍ വാഗ്ദാനം ചെയ്യും.
157 ബിഎച്ച്പി പവറും 191 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് അല്‍കാസറിന് കരുത്തേകുന്നത്. കൂടാതെ ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റ് ട്രാന്‍സ്മിഷനുകളും ഈ മോഡല്‍ നല്‍കുന്നു. 9.5 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. പെട്രോള്‍ പതിപ്പിന് മാനുവലില്‍ ഒരു ലിറ്ററിന് 14.5 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 14.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനിയുടെ വാഗ്ദാനം. ഡീസല്‍ പതിപ്പില്‍ ഇത് മാനുവലില്‍ 20.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 18.1 കിലോമീറ്ററുമാണ്.


Tags:    

Similar News