ആറ് ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റ

എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്

Update: 2021-06-14 11:07 GMT

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയമായ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയില്‍ ആറ് ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടു. വാഹനം പുറത്തിറക്കി 70 മാസങ്ങള്‍ക്കുള്ളിലാണ് സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഈ നേട്ടം കൈവരിച്ചത്. 2020 ഓഗസ്റ്റില്‍ അഞ്ച് ലക്ഷം യൂണിറ്റുകള്‍ എന്ന നേട്ടം കൈവരിച്ച ക്രെറ്റ എട്ട് മാസങ്ങള്‍ക്കുള്ളിലാണ് അടുത്ത ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചത്. കൊവിഡ് പ്രതിസന്ധിയിലും വലിയ നേട്ടമാണ് ഹ്യുണ്ടായിയുടെ ഈ മോഡല്‍ ഇന്ത്യയില്‍ നേടിയെടുത്തത്.

ഓട്ടോകാര്‍ പ്രൊഫഷണലിന്റെ കണക്കുകള്‍ പ്രകാരം, 2015 ജൂലൈ 21 ന് മോഡല്‍ അവതരിപ്പിച്ചതിനുശേഷം മൊത്തം 6,06,743 ക്രെറ്റകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മൊത്തം വില്‍പ്പനയില്‍ 66 ശതമാനവും ഡീസല്‍ വേരിയന്റുകളാണ്, 3,99,787 യൂണിറ്റുകള്‍. 2,06,956 യൂണിറ്റുകളാണ് പെട്രോള്‍ വാരിയന്റില്‍ വിറ്റഴിഞ്ഞത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ പുറത്തിറക്കിയ രണ്ടാം തലമുറ ക്രെറ്റയുടെ 1,39,204 യൂണിറ്റുകളാണ് 14 മാസത്തിനിടെ വിറ്റഴിച്ചത്.
2021 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന യൂട്ടിലിറ്റി വാഹനമായി ക്രെറ്റ തുടരുന്നുണ്ട്. 9.99 ലക്ഷം രൂപ (എക്സ്ഷോറൂം) വിലയില്‍ പുറത്തിറക്കിയ പുതിയ ക്രെറ്റ അഞ്ച് എഞ്ചിന്‍-ഗിയര്‍ബോക്സ് കോണ്‍ഫിഗറേഷനുകളിലും അഞ്ച് ട്രിം ലെവലുകളിലും ലഭ്യമാണ്. കയറ്റുമതിയിലും ഹ്യുണ്ടായിയുടെ ക്രെറ്റ തന്നെയാണ് മുന്നിലുള്ളത്. ഓട്ടോകാര്‍ പ്രൊഫഷണലിന്റെ ഡാറ്റ അനലിറ്റിക്‌സ് അനുസരിച്ച്, 2021 ഏപ്രില്‍ അവസാനം വരെ മൊത്തം 2,21,626 ക്രെറ്റകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.


Tags:    

Similar News