ഒരുവര്‍ഷം കൊണ്ട് വില്‍പ്പന ഇരട്ടിയാക്കി ഹ്യുണ്ടായ്

അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതിയില്‍ 2020 മാര്‍ച്ചിനേക്കാള്‍ 101 ശതമാനം വര്‍ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്

Update:2021-04-01 14:57 IST

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ വില്‍പ്പനയില്‍ നേട്ടവുമായി ഹ്യുണ്ടായ്. മാര്‍ച്ച് മാസത്തില്‍ 64,621 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. 2020 മാര്‍ച്ചിനേക്കാള്‍ നൂറുശതമാനം വളര്‍ച്ചയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്.

ആഭ്യന്തര വിപണിയില്‍ 52,600 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയില്‍ 12,021 യൂണിറ്റുകളും ഉള്‍പ്പെടുന്നു.
2020 മാര്‍ച്ച് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വില്‍പ്പനയില്‍ 100 ശതമാനം വര്‍ധനവും കയറ്റുമതിയില്‍ 101 ശതമാനം വര്‍ധനവുമാണുള്ളത്. 5,979 യൂണിറ്റുകളായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റി അയച്ചത്. ക്രെറ്റ, വെന്യു, ഐ20 തുടങ്ങിയവയാണ് ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലുകള്‍.
'ക്രെറ്റ, വെന്യു, വെര്‍ന, പുതിയ ഐ20 തുടങ്ങിയവ ഈ പ്രകടനത്തെ പിന്തുണച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ ശക്തമായ പോര്‍ട്ട്‌ഫോളിയോയില്‍ സെവന്‍ സീറ്ററായ അല്‍കസര്‍ കൂടി വരുന്നതോടെ ഈ വിഭാഗത്തില്‍ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടും' ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സെയ്ല്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ആന്റ് സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 2020 ഹ്യുണ്ടായ് ക്രെറ്റ മോഡല്‍ 1.21 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റതായി കഴിഞ്ഞ മാസം ഹ്യുണ്ടായ് അറിയിച്ചിരുന്നു. ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്യുവി കൂടിയായിരുന്നു ഇത്.
2015 ലാണ് ഹ്യൂണ്ടായ് ക്രെറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതുവരെ 5.8 ലക്ഷം യൂണിറ്റ് ക്രെറ്റ വിറ്റഴിക്കുകയും 2.16 ലക്ഷം കയറ്റുമതി ചെയ്യുകയും ചെയ്തു.


Tags:    

Similar News